ഒടുവിൽ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സ‍ർക്കാ‍ർ; സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം നീക്കി

നേപ്പാളിലെ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്

ഒടുവിൽ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സ‍ർക്കാ‍ർ; സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം നീക്കി
dot image

കാഠ്മണ്ഡു: ഒടുവിൽ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സ‍ർക്കാ‍ർ. സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കം ചെയ്തു. പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. നേപ്പാളിലെ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. കലാപം പ്രത്യേക സമിതി അന്വേഷിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. സമൂഹമാധ്യമങ്ങൾക്ക് നിരോധനമേർപ്പെടുത്താനെടുത്ത തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും പൃഥ്വി ശുഭ അറിയിച്ചു. നേപ്പാൾ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോ‍ട്ട്. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു.

സമൂഹമാധ്യമങ്ങൾ സർ‌ക്കാർ നിരോധിച്ചത് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിനാണ് വഴിതെളിച്ചത്. ‍സ‍ർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാ‍രുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമായിരുന്നു.

സംഘർഷത്തിനിടെ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാൻ അതിർത്തി രക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

Conent Highlights: KP Oli government lifts ban on social media after violent protests

dot image
To advertise here,contact us
dot image