കൂലിയിലെ ഫ്ലാഷ് ബാക്ക് സീൻ, രജനികാന്ത് അഭിനയിക്കുക മാത്രമാണ് ചെയ്തത്, ശബ്ദം AI; ലോകേഷ്

എഐ യിൽ പ്രവർത്തിക്കുന്നത് വളരെ എളുപ്പമാണ്

കൂലിയിലെ ഫ്ലാഷ് ബാക്ക് സീൻ, രജനികാന്ത് അഭിനയിക്കുക മാത്രമാണ് ചെയ്തത്, ശബ്ദം AI; ലോകേഷ്
dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ കൂലിയിലെ രജനികാന്തിന്റെ ഫ്ലാഷ്ബാക്ക് സീനിൽ എഐ ഉപയോഗിച്ചതിനെക്കുറിച്ച് പറയുകയാണ് ലോകേഷ്. ലോകേഷിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ എപ്പോഴെങ്കിലും, എവിടെയെങ്കിലും എ ഐ ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

'നിങ്ങൾ എന്റെ കൂലി കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. സിനിമയിലെ ഫ്ലാഷ്ബാക്ക് സീനിൽ, രജനികാന്ത് സാർ അഭിനയിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ ലുക്കിന് വേണ്ടി ഞങ്ങൾ ഡീ-ഏജിംഗ് ചെയ്തു, ശബ്ദത്തിന് വേണ്ടി എഐ ഉപയോഗിച്ചു. എഐ യിൽ പ്രവർത്തിക്കുന്നത് വളരെ എളുപ്പമാണ്. കാരണം ഫീഡ്‌ബാക്ക് ഇല്ലാതെ തന്നെ ഇത് ചെയ്യാൻ കഴിയും.നമുക്ക് എന്താണോ ആവശ്യം അതാണ് തരുന്നത്,' ലോകേഷ് പറഞ്ഞു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ആഗോള തലത്തിൽ കൂലി 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു.

Content Highlights: Lokesh Kanagaraj talks about using AI in coolie

dot image
To advertise here,contact us
dot image