
മലയാള സിനിമയിലെ പ്രമുഖ നൃത്തസംവിധായകനും സംസ്ഥാന പുരസ്കാര ജേതാവുമായ ബിജു ധ്വനി തരംഗ്, നടൻ മോഹൻലാലിനൊപ്പം പ്രവർത്തിച്ച അവിസ്മരണീയമായ അനുഭവം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. മോഹൻലാൽ എന്ന മഹാനടൻ്റെ പ്രൊഫഷണലിസം, വിനയം, നൃത്തത്തോടുള്ള അദ്ദേഹത്തിൻ്റെ സമീപനം എന്നിവ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. സ്റ്റേജ് ഷോയ്ക്ക് വേണ്ടി മോഹൻലാലിനെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്.
"മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എൻ്റെ കരിയറിലെ ഏറ്റവും വലിയ അച്ചീവ്മെൻ്റാണ്. അത് എനിക്ക് ഒരു ഓസ്കാർ ലഭിച്ചതിന് തുല്യമാണ്. ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണത്," ബിജു ധ്വനി തരംഗ് വ്യക്തമാക്കി.
ലാല്‍ സാറിന്‍റെ ശരീരത്തിൻ്റെ വഴക്കം എന്നെ ശരിക്കും അതിശയിപ്പിച്ചു. പ്രായം അദ്ദേഹത്തിന് ഒരു തടസമേയല്ലെന്നും നൃത്ത ചുവടുകൾ വേഗത്തിൽ പഠിച്ചെടുക്കാനും അതിനനുസരിച്ച് ചലിക്കാനും അദ്ദേഹത്തിന് അനായാസം സാധിക്കുന്നുവെന്നും ബിജു പറഞ്ഞു. ''ലാൽ സാർ അടിമുടി ഫ്ലെക്സിബിളായ മനുഷ്യനാണ്, സാറിന്റെ സ്‌ട്രെച്ചും ബൻഡുമൊക്കെ ഒരു രക്ഷയില്ല'' ബിജു പറയുന്നു. നൃത്തം പഠിക്കുന്ന സമയത്ത് മോഹൻലാൽ കാണിച്ച വിനയവും അർപ്പണബോധവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു നൃത്ത സംവിധായകൻ എന്ന നിലയിൽ എളുപ്പത്തിൽ പരിശീലിപ്പിക്കാൻ സാധിക്കുന്ന നടനാണ് മോഹൻലാൽ. കാരണം ലാൽ സാർ എപ്പോഴും നമ്മുടെ കൂടെ ഒരു സ്റ്റുഡന്റ് ആയിട്ടാണ് നിൽക്കുന്നത്, അല്ലാതെ ഇത്രേം സീനിയർ മോസ്റ്റ് അല്ലെങ്കിൽ ഇത്രേം എക്സ്‌പീരിയൻസ്ഡ് ആയിട്ടുള്ള ഒരു ആര്ടിസ്റ്റിനെപോലെയോ അല്ല. നമ്മളെന്താണോ പറയുന്നത്, അത് പഠിക്കാൻ വേണ്ടിയാണ് സാർ നിൽക്കുന്നത് '' ബിജു ധ്വനി തരംഗ് അഭിപ്രായപ്പെട്ടു. മോഹൻലാലിനെപ്പോലെയുള്ള ഒരു നടനോടൊപ്പം പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരങ്ങൾ വളരെ വലുതാണ്. അത് ഒരു കലാകാരൻ എന്ന നിലയിൽ കൂടുതൽ വളരാൻ സഹായിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
'ഒരു സോങ് പ്ലാൻ ചെയ്യുന്നതിനിടയ്ക്ക് നമുക്ക് ഇങ്ങനെ ചെയ്താലോ എന്ന് പറഞ്ഞ് ഒരു പേപ്പറിൽ ആ ഒരു പാറ്റേൺ വരച്ചു തന്നു. ആ പേപ്പർ ഞാൻ ലാമിനേറ്റ് ചെയ്തു വച്ചിട്ടുണ്ട്,' ബിജു പറഞ്ഞു.
content highlights : State award winning dance choreographer Biju Dhwani Tharang shares his experience on training Mohanlal