
മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളായ കല്യാണി പ്രിയദർശൻ, നസ്ലെൻ ഗഫൂർ, ചന്തു സലിംകുമാർ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രമായ 'ലോക'യുടെ കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ അടുത്തിടെ റിപ്പോർട്ടർ ടിവിക്കു നൽകിയ അഭിമുഖത്തിൽ വളരെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.
ചിത്രത്തിൽ ആക്ഷൻ സീനുകൾ ഒരുപാട് ഉണ്ടോ എന്ന ചോദ്യത്തിന്, ഒരുപാട് ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നും അതിനുവേണ്ടി പ്രത്യേക പരിശീലനം നേടിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. കല്യാണിയുടെ ആവേശവും കഠിനാധ്വാനവും നിറഞ്ഞ പ്രകടനത്തെക്കുറിച്ചുള്ള അവരുടെ തമാശ കലർന്ന കമൻ്റുകൾ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
"അതെ, ആക്ഷൻ രംഗങ്ങൾ ഒരുപാടുണ്ട്. ഞങ്ങളെല്ലാം കല്യാണിക്ക് ഫുൾ സപ്പോർട്ട് ആയിരുന്നു. അവൾ എല്ലാം പഠിച്ച് ചെയ്യും. ഞങ്ങൾ കട്ട സപ്പോർട്ടിൽ കൂടെ നിൽക്കും. കമോണ്‍ കല്യാണി എന്ന് വിളിച്ച് പ്രോത്സാഹിപ്പിക്കലായിരുന്നു ഞങ്ങളുടെ പണി," നസ്‌ലെനും ചന്തു സലിം കുമാറും ചിരിച്ചുകൊണ്ട് പറഞ്ഞു.
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് കല്യാണിക്ക് നല്ലപോലെ വർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കല്യാണി പരിശീലനം നടത്തുന്നതിൻ്റെ ചിത്രങ്ങൾ ഇതിനുമുമ്പ് പുറത്തുവന്നിട്ടുണ്ടായിരുന്നു. അതിലൊന്ന് ബോക്സിംഗ് കോച്ചിന്റെ കൂടെയുള്ള ചിത്രമായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ, ആ ചിത്രങ്ങൾ സിനിമയുടെ ഷൂട്ടിങ്ങിനു ശേഷമുള്ളതല്ലെന്നും, അതിനു മുമ്പുള്ള കഠിനമായ പരിശീലനത്തിൻ്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി.
മലയാളത്തില്‍ ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ട്രെയിലര്‍ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. ലോകയ്ക്കായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
content highlights : Kalyani Priyadarshan nailed terrific action scenes in Lokah, cheered on by Naslen and the crew.