
തെലുങ്ക് സിനിമയിലെ സൂപ്പർതാരവും 'ആർആർആർ' എന്ന സിനിമയിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ നടനുമായ രാം ചരണും, 'പുഷ്പ' പോലുള്ള വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ സുകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രം വാർത്തകളിൽ ഇടംപിടിക്കുകയാണ്. അടുത്ത സിനിമയുടെ തിരക്കഥാ ചർച്ചകൾക്കായി സുകുമാർ യൂറോപ്പിലേക്ക് പോകാൻ ഒരുങ്ങുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സുകുമാറിന്റെ സംവിധാന മികവും രാം ചരണിന്റെ താരമൂല്യവും ഒത്തുചേരുന്ന ഈ ചിത്രം ഒരു വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ വിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സുകുമാർ തന്റെ പുതിയ ചിത്രത്തിന് തിരക്കഥ തയ്യാറാക്കാൻ 20 എഴുത്തുകാരുമായിട്ടാണ് യൂറോപ്പിലേക്ക് പോകുന്നത്. രാം ചരണിന്റെ താരമൂല്യത്തിന് അനുസരിച്ച് ഒരു ആക്ഷൻ-കേന്ദ്രീകൃതമായ കഥ തയ്യാറാക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ഇതിനു മുൻപ് ഇവർ ഒന്നിച്ച 'രംഗസ്ഥലം' എന്ന സിനിമ തെലുങ്ക് സിനിമയിലെ തന്നെ വലിയ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ആ സിനിമ മലയാളികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ആ വിജയം ആവർത്തിക്കാൻ വേണ്ടിയാണ് ഈ കൂട്ടുകെട്ട് ഒരുങ്ങുന്നത്. എന്നാൽ, 'രംഗസ്ഥലം' ഒരു ഗ്രാമീണ സിനിമയായിരുന്നുവെങ്കിൽ, സുകുമാർ രാം ചരണുമായി ഒരുക്കുന്നത് അതിൽ നിന്ന് വ്യത്യസ്തമായി നഗര പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറാകും എന്നാണ് സൂചനകള്‍. കഥ പൂർണ്ണമായി തയ്യാറാക്കാൻ രണ്ട് മാസത്തോളം എടുക്കുമെന്നും, അതിനുശേഷം രാം ചരണിന് കഥയുടെ പൂർണ്ണരൂപം വിവരിച്ച് കൊടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
'പുഷ്പ' ഫ്രാഞ്ചൈസിന്റെ വൻ വിജയത്തിൽ തിളങ്ങിനിൽക്കുകയാണ് സുകുമാർ ഇപ്പോൾ. 'പുഷ്പ' ഒരുപാട് ഭാഷകളിൽ വലിയ ഹിറ്റായി മാറിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍
തെലുങ്ക് സിനിമയുടെ സ്ഥാനം ഉറപ്പിക്കുന്നതില്‍ എസ് എസ് രാജമൗലി കഴിഞ്ഞാൽ സുകുമാറിന് വലിയൊരു സ്ഥാനമുണ്ട്. തെലുങ്ക് സിനിമ ആഗോളതലത്തിൽ വളർന്ന ഈ സാഹചര്യത്തിൽ, രാം ചരണും സുകുമാറും ചേർന്ന് ഒരുങ്ങുന്ന ഈ ചിത്രവും ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നതെന്നും, എല്ലാവർക്കും താല്പര്യമുള്ള ഒരു കഥയായിരിക്കും ഈ ചിത്രത്തിന്റേതെന്നും ടീമുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
content highlights: Director Sukumar with a huge team of script writers going to Europe for upcoming movie with Ramcharan