ഫിലിം ചേംബർ തെരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു; മത്സരിക്കുന്നത് സെക്രട്ടറി സ്ഥാനത്തേക്ക്

നേരത്തെ പ്രൊഡ്യൂസഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്

dot image

ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിൻവലിച്ചിരുന്നു.

പത്രിക സമർപ്പിച്ചതിന് ശേഷം സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്ത്രീകൾക്ക് ഒരു ഇടം നേടിയെടുക്കുക എന്നതാണ് തന്റെ ശ്രമമെന്നും സാന്ദ്ര തോമസ് പറഞ്ഞു. 'സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാൽ ഞാൻ ജയിക്കും. നിർമാതാക്കളുടെ സംഘടനയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടായില്ല', സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

നേരത്തെ പ്രൊഡ്യൂസഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന കാരണം കാണിച്ചാണ് സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നത് എന്നായിരുന്നു പരാജയത്തിന് പിന്നാലെ സാന്ദ്ര തോമസ് പറഞ്ഞത്. 'മികച്ച വോട്ട് നേടാൻ കഴിഞ്ഞു. പാനൽ വോട്ടുകളാണ് വിരുദ്ധ ചേരിക്ക് വിജയമൊരുക്കിയത്. ബാനറുകളുടെ എണ്ണം കൂടിയത് കൊണ്ട് ഒരു നിർമാതാവിന് 5-6 വരെ വോട്ടുകൾ ചെയ്യാൻ കഴിഞ്ഞു. എനിക്ക് കിട്ടിയത് വ്യക്തിഗത വോട്ടുകളാണ്' എന്നായിരുന്നു സാന്ദ്ര തോമസിൻ്റെ വാക്കുകൾ.

content highlights : Film Chamber elections; Sandra Thomas's nomination accepted

dot image
To advertise here,contact us
dot image