
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ആരാധകരെ തേടിയെത്തുന്നത്. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടംലഭിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗില്‍ ഉറപ്പായും ടീമില്‍ കാണുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗിൽ ടി20 ടീമിലേക്ക് തിരിച്ചെത്തിയാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക മുൻ താരം ആകാശ് ചോപ്രയടക്കം പലരും പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ശുഭ്മൻ ഗില്ലിനെ ടീമിലെടുക്കുന്നത് സെലക്ടർമാർ പരിഗണിച്ചിരുന്നെന്നും എന്നാൽ സഞ്ജുവിനായിരുന്നില്ല സ്ഥാനം നഷ്ടപ്പെടുകയെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി സഞ്ജുവിനെയല്ല മറിച്ച് മറ്റൊരു താരത്തെ ഒഴിവാക്കുന്ന കാര്യമാണ് സെലക്ടര്‍മാര്‍ പരിഗണിച്ചതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങുന്ന തിലക് വര്‍മയെ ഒഴിവാക്കുന്ന കാര്യം സെലക്ടര്‍മാര്‍ ചർച്ച ചെയ്തിരുന്നെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
There was a discussion to drop Tilak Varma from the Asia Cup squad to accommodate Shubman Gill.
— Mufaddal Vohra (@mufaddal_vohra) August 18, 2025
- Team management felt it would be unfair on Tilak to get dropped. (Express Sports). pic.twitter.com/Thg0cD9HYg
എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയ തിലക് വര്‍മയെ ഒഴിവാക്കുന്നത് ന്യായീകരിക്കാനാവാത്ത കാര്യമാണെന്നും അതുകൊണ്ട് ഈ തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യാ കപ്പ് ടീമിലേക്ക് ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കില്ലെന്നും സഞ്ജുവിനെയും തിലക് വര്‍മയെയും നിലനിര്‍ത്തുമെന്നുമാണ് സൂചന. ഏഷ്യാ കപ്പ് ടീമില്‍ ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
സെപ്റ്റംബർ ഒൻപതിന് ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം 10 നാണ്. യുഎഇ ആണ് എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ, ഒമാൻ എന്നിവർക്ക് എതിരെയാണ് ഇതിന് ശേഷം ഇന്ത്യ കളിക്കുക. യഥാക്രമം സെപ്റ്റംബർ 14, 19 തീയതികളിലാണ് ഈ പോരാട്ടങ്ങൾ.
Content Highlights: Asia Cup: Team India Asked If Tilak Varma Can Be Dropped To Make Room For Shubman Gill