
മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കുകയാണ്. രാവിലെ പത്തുമണിയോട് കൂടി പോളിംഗ് ആരംഭിക്കും. നേരത്തെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച രവീന്ദ്രൻ പിന്നീട് പിൻവലിച്ചിരുന്നു. ഇപ്പോൾ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്.
ഇപ്പോഴിതാ എഎംഎംഎയിൽ ഒരിക്കലും പൊട്ടിത്തെറി ഉണ്ടാവില്ലെന്ന് പറയുകയാണ് രവീന്ദ്രൻ. പൊട്ടിത്തെറിക്കാൻ ഇതെന്താ പടക്കക്കടയാണോ എന്നും രവീന്ദ്രൻ പരിഹസിച്ചു. എല്ലാവരിൽ നിന്നും വോട്ട് ഉറപ്പിച്ചിട്ടുണ്ടെന്നും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതകൾ, പുരുഷന്മാർ എന്നിങ്ങനെ വേർതിരിവില്ലെന്നും തങ്ങൾ എല്ലാവരും ഒരു കുടുംബം പോലെ ആണെന്നും രവീന്ദ്രൻ പറഞ്ഞു.
അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ പത്രിക മനഃപൂർവം തള്ളിയതാണെന്നും പത്രിക തള്ളിയതിലെ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാവർക്കും മനസ്സിലാകുമെന്ന് ജോയ് മാത്യു പറഞ്ഞു. ഇത്ര വലിയ ആരോപണ പ്രത്യാരോപണങ്ങൾ ഇതാദ്യമാണ് എന്നും ഇങ്ങനെയൊക്കെ ഉണ്ടെന്ന് നേരത്തെ അറിഞ്ഞാൽ തെരഞ്ഞെടുപ്പിൽ നിൽക്കില്ലായിരുന്നുവെന്ന് നാസർ ലത്തീഫ് പറഞ്ഞു.
ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.
അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മിൽ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയൻ ചേർത്തല,
ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.
കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാസംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാഅരവിന്ദ്, അഞ്ജലിനായർ എന്നിവരും മത്സരിക്കുന്നുണ്ട്. 506 അംഗങ്ങളുള്ള സംഘടനയിലെ മിക്കവരും തിരഞ്ഞെടുപ്പിന് എത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: Raveendran reacts to AMMA elections