'എനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും' പ്രതികരണവുമായി ബാബു രാജ്

ശ്വേതക്കെതിരായ കേസില്‍ പുറത്തുവന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നും ബാബുരാജ് വ്യക്തമാക്കി.

dot image

എഎംഎംഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന് സിനിമ നടന്‍ ബാബു രാജ്. എല്ലാത്തിലും തന്നെ വലിച്ചിഴയ്ക്കുകയാണെന്നും സംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ അകത്തു പറയുമെന്നും ബാബുരാജ് അറിയിച്ചു. എഎംഎംഎയ്‌ക്കൊപ്പം എന്നും ഉണ്ടാകും. 100% പിന്തുണ നല്‍കും. സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത എന്റെ നല്ല സുഹൃത്താണ്. ശ്വേതക്കെതിരായ കേസില്‍ പുറത്തുവന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നും ബാബുരാജ് വ്യക്തമാക്കി.

ശ്വേത മേനോന് എതിരെ മുൻപുയർന്ന പരാതിക്ക് പിന്നിൽ ആണെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ ബാബുരാജ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയായിരുന്നു. ബാബുരാജിൻ്റെ പിന്മാറ്റം ശ്വേതയുടെ വിഷയത്തിൽ അല്ലെന്നും സരിത എസ് നായരുടെ പരാതിയെ തുടര്‍ന്നാണെന്നും വ്യക്തമാക്കി നടി മാല പാര്‍വതി രംഗത്തെത്തിയിരുന്നു. എഎംഎംഎയുടെ ആസ്തിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും അഞ്ചരകോടി നീക്കിയിരിപ്പ് ഉണ്ടെന്നിരിക്കെ 2 കോടി മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാക്കി ഉണ്ടാക്കിയത് ബാബുരാജ് ആണെന്നും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മാല പാര്‍വതി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി യോടായിരുന്നു പ്രതികരണം. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശിക അടച്ചുതീര്‍ത്തു എന്നുമുള്ള ആരോപണവുമായി സരിത എസ് നായര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

Also Read:

മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 504 അംഗങ്ങളാണ് സംഘടനയിലുള്ളത്. ഇതില്‍ 298 പേര്‍ വോട്ട് ചെയ്തു. വിവാദങ്ങള്‍ക്കും വാക്കു തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒരുമണിയോടെ പൂര്‍ത്തിയായി. വൈകുന്നേരത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.

അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മില്‍ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സന്‍ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.

Content Highlights- Babu Raj responds, 'I will stop acting if the allegations against me are proven'

dot image
To advertise here,contact us
dot image