'അജിത് കുമാറിനെ കണ്ടിരുന്നു, അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു'; പി വി അന്‍വര്‍

മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിന് രണ്ട് മാസം മുൻപായിരുന്നു കൂടിക്കാഴ്ച. എന്നാൽ തന്നെ അജിത് കുമാർ ചതിക്കുകയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്നും അൻവർ

dot image

മലപ്പുറം: എഡിജിപി എം ആർ അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നത് സ്ഥിരീകരിച്ച് പി വി അൻവർ. യൂട്യൂബർ വയർലെസ് ചോർത്തിയ കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടതെന്നും പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിന് രണ്ട് മാസം മുൻപായിരുന്നു കൂടിക്കാഴ്ച. എന്നാൽ തന്നെ അജിത് കുമാർ ചതിക്കുകയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്നും അൻവർ വ്യക്തമാക്കി. എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണമെന്നും അദ്ദേഹമൊരു നെട്ടോറിയസ് ക്രിമിനൽ ആണ് എന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും അൻവർ പറഞ്ഞു. സർക്കാർ ഇപ്പോഴും എന്തിനാണ് അജിത് കുമാറിനെ താങ്ങി നിർത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ടെന്നും അൻവർ പറഞ്ഞു. അജിത് കുമാർ ആർഎസ്എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്നയാളാണെന്നും അൻവർ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണ സംഘത്തിന് എഡിജിപി എം ആർ അജിത്കുമാർ നൽകിയ മൊഴിപ്പകർപ്പ് പുറത്തുവന്നിരുന്നു. ഈ മൊഴിയിൽ ആരോപണം ഉന്നയിച്ച സമയത്ത് പി വി അൻവറിനെ കാണണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചെന്ന് പറയുന്നുണ്ട്. അൻവറിന്റെ സംശയങ്ങൾ ദുരീകരിക്കാനായിരുന്നു നിർദേശമെന്നും അൻവറിന്റെ സുഹൃത്ത് നജീബിന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നും അജിത്കുമാർ പറഞ്ഞു.

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയുന്ന അജിത്കുമാർ, അൻവറിന്റെ ഗൂഢ താൽപര്യങ്ങൾക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് തുടക്കമിട്ടതെന്നും കൂട്ടിച്ചേർത്തു. ഫ്ളാറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. ഫ്ളാറ്റ് വാങ്ങി 10 ദിവസത്തിന് ശേഷം വിറ്റുവെന്നത് വെറും സാങ്കേതികമാണെന്നാണ് അജിത്കുമാറിന്റെ മൊഴി.

2016 ഫെബ്രുവരി 19ന് വാങ്ങിയ ഫ്ളാറ്റ് ഫെബ്രുവരി 29ന് വിറ്റിരുന്നു. എന്നാൽ ഫ്ളാറ്റ് വാങ്ങിയത് 2009ൽ ആണെന്നാണ് എഡിജിപി പറഞ്ഞത്. എസ്ബിഐ വഴി 25 ലക്ഷം ലോൺ എടുത്തെന്നും അന്ന് മുഴുവൻ പണവും നൽകിയെങ്കിലും ആധാരം നടത്തിയില്ലെന്നും വിൽക്കാൻ സമയത്താണ് അത് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആധാരം രജിസ്റ്റർ ചെയ്ത് വിൽക്കുകയായിരുന്നു. താൻ ഡിജിപിയാകുന്നത് തടയലായിരുന്നു അൻവറിന്റെ ലക്ഷ്യമെന്നും അജിത് കുമാർ പറഞ്ഞു.

ആഴത്തിലുള്ള ഗൂഡാലോചന അതിന് വേണ്ടി നടത്തിയെന്നും നിയമലംഘന -ദേശദ്രോഹ -വിദ്വേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവരുടെ സഹായവുമുള്ളതായി സംശയിക്കുന്നുവെന്നും അജിത്കുമാർ മൊഴിയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരും കെപിഒഎ ഭാരവാഹികളും അൻവറിനെ സഹായിച്ചെന്നും ഇതിൽ അന്വേഷണം വേണന്നും ഡിവൈഎസ്പി ഷിബു പാപ്പച്ചന് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു.

Content Highlights: PV Anvar confirms meeting with ADGP MR Ajith Kumar

dot image
To advertise here,contact us
dot image