
കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിക്കെതിരെ കേസ് ഫയല്‍ ചെയ്തപ്പോള്‍ കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും ഇത് തയ്യാറാകാതെ ഇരുന്നതോടെ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ മുൻപ് മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാന്ദ്ര പങ്കുവെച്ച ഒരു പഴയ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഇതോടെ സാന്ദ്രയും ലിസ്റ്റിനും തമ്മിലുള്ള തര്‍ക്കം അടുത്ത ഘട്ടത്തിലേക്ക് കടന്നു.
അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോൾ നടൻ മമ്മൂട്ടിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാവരും വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് സാന്ദ്ര പറയുന്ന വീഡിയോ ആണ് ലിസ്റ്റിൻ പങ്കുവെച്ചിരിക്കുന്നത്. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന ക്യാപ്ഷനൊപ്പമാണ് ലിസ്റ്റിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘അസുഖ ബാധിതയായി കിടന്നപ്പോൾ മമ്മൂക്കെയപ്പോലുള്ളവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചത് വലിയ സന്തോഷമുണ്ടാക്കി. സിനിമയിലുള്ളവരും വിളിച്ച് അന്വേഷിച്ചു. എടുത്ത് പറയേണ്ട കാര്യം, ഒരാഴ്ച ഐസിയുവിൽ കിടന്നിട്ടും സിനിമ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഡബ്ല്യുസിസിയോ ഒരു സ്ത്രീയോ തിരിഞ്ഞു നോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള എല്ലാ പ്രൊഡ്യൂസേഴ്സും വിളിച്ച് അന്വേഷിച്ചു.’ എന്നാണ് വീഡിയോയിൽ സാന്ദ്ര തോമസ് പറയുന്നത്.
മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതിന് പിന്നാലെ ഈ വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് സാന്ദ്രയോട് ഏഴ് ചോദ്യങ്ങളുമായി നിർമാതാവ് റെനീഷ് എൻ അബ്ദുൾഖാദർ രംഗത്തെത്തിയിരുന്നു. അതേസമയം, സാന്ദ്രാ തോമസിനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് ഫയല്‍ ചെയ്തത് വലിയ വാർത്തയായിരുന്നു. സാന്ദ്രാ തോമസ് നവമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാതി.
ഈ കേസ് ഇപ്പോൾ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിനു കോടതി സമൻസ് അയച്ചിട്ടുണ്ട്.
Content Highlights: Listin stephen shares old video of sandra thomas