രണ്ട് ടേക്ക് കൂടിയാലും അദ്ദേഹം ഓകെ ആയിരുന്നു, വളരെ ഡൗൺ ടു എർത്ത് ആയ നടനാണ് വിജയ് ദേവരകൊണ്ട: വെങ്കിടേഷ്

ഗംഭീര നടനാണ് വെങ്കിടേഷെന്നും അദ്ദേഹം ഉറപ്പായും ഈ സിനിമയിലൂടെ ശക്തമായ ഒരു മുദ്ര പതിപ്പിക്കുമെന്നും വിജയ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു

dot image

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് കിങ്ഡം. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രെയ്‌ലർ റിലീസിന് പിന്നാലെ വൈറലാകുകയാണ് മലയാളി നടൻ വെങ്കിടേഷ്. ചിത്രത്തിൽ പ്രധാനപ്പെട്ട വില്ലൻ കഥാപാത്രത്തെയാണ് വെങ്കി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായകൻ വിജയ് ദേവരകൊണ്ടയെക്കുറിച്ച് റിപ്പോർട്ടറിനോട് വെങ്കിടേഷ് മനസുതുറന്നു.

വളരെ ഡൗൺ ടു എർത്ത് ആയിട്ടുള്ള വർക്കിൽ കൃത്യമായ ഫോക്കസ് ഉള്ള ആളാണ് വിജയ് ദേവരകൊണ്ടയെന്ന് വെങ്കിടേഷ് പറഞ്ഞു. 'എന്റെ ആദ്യത്തെ തെലുങ്ക് സിനിമയാണ് ഇത്. അത് ഇത്രയും മികച്ച സംവിധായകന്റെ കൂടെയും പ്രൊഡക്ഷൻ ടീമിന്റെ കൂടെയും ഹീറോയുടെ കൂടെയും ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമാണ്. ഗംഭീര ആക്ടറും ഒരുപാട് ഫേമസ് ആയ നടനുമാണ് വിജയ് ദേവരകൊണ്ട. എനിക്ക് തെലുങ്ക് വളരെ കുറച്ച് മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ സെറ്റിൽ വെറുതെ ഇരിക്കുന്ന സമയം ഉണ്ടാകില്ല. മുഴുവൻ സമയവും ഡയലോഗ് കാണാതെ പഠിക്കുകയായിരിക്കും. വിജയ് തന്നെയാണ് എന്നോട് ഇങ്ങോട്ട് വന്ന് കൈ തന്ന് സംസാരിച്ചത്.

വളരെ ഡൗൺ ടു എർത്ത് ആയിട്ടുള്ള ആളാണ് വിജയ് ദേവരകൊണ്ട. വർക്കഹോളിക്ക് ആയിട്ടുള്ള കൃത്യമായ ഫോക്കസ് ഉള്ള ആളാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുകൾ ഉണ്ട്. പുള്ളിക്കാരൻ എന്നെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. രണ്ട് ടേക്ക് കൂടുതൽ പോയാലും അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു', വെങ്കിടേഷ് റിപ്പോർട്ടറിനോട് പറഞ്ഞു.

ചിത്രത്തിൽ മുരുഗൻ എന്ന കഥാപാത്രത്തെയാണ് വെങ്കിടേഷ് അവതരിപ്പിക്കുന്നത്. ഗംഭീര നടനാണ് വെങ്കിടേഷെന്നും അദ്ദേഹം ഉറപ്പായും ഈ സിനിമയിലൂടെ ശക്തമായ ഒരു മുദ്ര പതിപ്പിക്കുമെന്നും വിജയ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയിലെ ട്രെയിലറിലെ വെങ്കിയുടെ ഷോട്ടുകൾ വലിയ തോതിൽ വൈറലായിട്ടുണ്ട്. ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്ലറിലെ ഹൈലൈറ്റ്.

ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ജൂലൈ 31 ന് പുറത്തിറങ്ങും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

Content Highlights: Venkitesh vp talks about Vijay deverakonda

dot image
To advertise here,contact us
dot image