
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് കിങ്ഡം. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ട്രെയ്‌ലർ റിലീസിന് പിന്നാലെ വൈറലാകുകയാണ് മലയാളി നടൻ വെങ്കിടേഷ്. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട റോളിലാണ് നടൻ എത്തുന്നത്. ഇപ്പോഴിതാ വെങ്കിടേഷിന്റെ ക്യാരക്റ്റർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടൻ വിജയ് ദേവരകൊണ്ട കുറിച്ച വാക്കുകളാണ് ചർച്ചയാകുന്നത്.
ഗംഭീര നടനാണ് വെങ്കിടേഷെന്നും അദ്ദേഹം ഉറപ്പായും ഈ സിനിമയിലൂടെ ശക്തമായ ഒരു മുദ്ര പതിപ്പിക്കുമെന്നും വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ്. പക്ഷേ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ലോകത്തിലാണെന്ന് എനിക്ക് തോന്നി. ഗംഭീര നടൻ, കണ്ണുകളിൽ തീക്ഷണതയും വറ്റാത്ത ഊർജ്ജവും, ഒരു നല്ല വ്യക്തിയും. അദ്ദേഹം ഉറപ്പായും ശക്തമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കും', വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.
ചിത്രത്തിൽ മുരുഗൻ എന്ന കഥാപാത്രത്തെയാണ് വെങ്കിടേഷ് അവതരിപ്പിക്കുന്നത്. സിനിമയിലെ ട്രെയിലറിലെ വെങ്കിയുടെ ഷോട്ടുകൾ വലിയ തോതിൽ വൈറലായിട്ടുണ്ട്. ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്ലറിലെ ഹൈലൈറ്റ്.
World - I wanted to introduce you all to @venkitesh_vp AKA “MURUGAN”
— Vijay Deverakonda (@TheDeverakonda) July 27, 2025
It's just his 4th film, but when i shared my scenes with him, he made me feel like i was in his world. Deadly actor, ferocious eyes and energy, sweet soul. He will make a strong mark.https://t.co/E41FfvirmN… pic.twitter.com/HLYNwMvKf0
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ജൂലൈ 31 ന് പുറത്തിറങ്ങും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
Content Highlights: Vijay Deverakonda about Venkidesh VP