
A.M.M.A യുടെ വരുന്ന തെരഞ്ഞെടുപ്പിൽ ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും തനിക്കെതിരെ ആരോപണമുയർന്നപ്പോൾ താനും മാറിനിന്നിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നേതൃസ്ഥാനത്തേക്ക് ഇത്തവണ സ്ത്രീകൾ വരട്ടെയെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
'എനിക്കെതിരെ ആരോപണമുയർന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം സത്യങ്ങൾ എല്ലാം തെളിയിച്ച് തിരിച്ചുവരട്ടെ. താങ്കളെപ്പോലെ സംഘടനയെ നയിക്കാൻ കാര്യക്ഷമതയുള്ള മറ്റനേകം ആളുകൾ ഉള്ളപ്പോൾ തുടരാനുള്ള തിടുക്കം ഞാൻ ചർച്ച ചെയ്യുന്നില്ല. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സംഘടന, അത് ശക്തമായി നിലനിൽക്കും. ബാബുരാജ് ദയവായി ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കട്ടെ എന്നും ഞാൻ വിശ്വസിക്കുന്നു', വിജയ് ബാബു പറഞ്ഞു.
താരസംഘടനയായ എഎംഎംഎയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറും അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. പുതിയ സാഹചര്യത്തിൽ സ്ത്രീകൾ നയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എഎംഎംഎ പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്നാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലിനെയും മമ്മൂട്ടിയെയും ജഗദീഷ് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഉറപ്പ് ലഭിച്ചാൽ ജഗദീഷ് മത്സരത്തിൽ നിന്നും പിൻവാങ്ങും. ഇതിനെ പിന്തുണച്ച് നിർമാതാവ് സാന്ദ്ര തോമസും രംഗത്തെത്തിയിരുന്നു.
Content Highlights: baburaj should stay away from AMMA election says vijay babu