കനൽവഴികളിലൂടെ നടന്ന പോരാളിക്ക് ഒരു രക്തനക്ഷത്ര പ്രണാമം!: ഷമ്മി തിലകൻ

'വിപ്ലവത്തിന്റെ തീച്ചൂളയിൽ ജ്വലിച്ചുയർന്ന ആ ജീവിതം, ലക്ഷക്കണക്കിന് മനുഷ്യർക്ക് പോരാടാനുള്ള ഊർജ്ജമായിരുന്നു'

dot image

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ ഷമ്മി തിലകൻ. വിപ്ലവത്തിന്റെ തീച്ചൂളയിൽ ജ്വലിച്ചുയർന്ന അച്യുതാനന്ദന്റെ ജീവിതം ലക്ഷക്കണക്കിന് മനുഷ്യർക്ക് പോരാടാനുള്ള ഊർജ്ജമായിരുന്നു എന്ന് ഷമ്മി തിലകൻ കുറിച്ചു. പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ കർമ്മയോഗിയുടെ ഓർമ്മകൾക്ക് മരണമില്ലെന്നും കനൽവഴികളിലൂടെ നടന്ന പോരാളിക്ക് ഒരു രക്തനക്ഷത്ര പ്രണാമമെന്നും ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.

കനൽവഴികളിലൂടെ നടന്ന പോരാളിക്ക് ഒരു രക്തനക്ഷത്ര പ്രണാമം! വിശ്വസിക്കാനാകുന്നില്ല സഖാവേ.. കാലം നിങ്ങൾക്ക് മുന്നിൽ തോൽക്കില്ലെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു. മണ്ണിന്റെ മക്കൾക്ക് വേണ്ടി, വിയർപ്പൊഴുക്കിയ തൊഴിലാളിക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ടവനു വേണ്ടി, ഒരു ആയുസ്സ് മുഴുവൻ പോരാടിയ ധീരസഖാവിന് എങ്ങനെയാണ് മരണത്തിന് കീഴടങ്ങാൻ സാധിക്കുക? ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയത്തിൽ കനലെരിയുന്ന നിമിഷമാണിത്. കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റിന്റെ അവസാന ശ്വാസവും നിലച്ചിരിക്കുന്നു.വിപ്ലവത്തിന്റെ തീച്ചൂളയിൽ ജ്വലിച്ചുയർന്ന ആ ജീവിതം, ലക്ഷക്കണക്കിന് മനുഷ്യർക്ക് പോരാടാനുള്ള ഊർജ്ജമായിരുന്നു. കാലം മായ്ക്കാത്ത മുറിവായി ഈ വേർപാട് ഞങ്ങളുടെയെല്ലാം ഉള്ളിൽ നീറിനിൽക്കും. 'അധികാരമല്ല, നിലപാടാണ് പ്രധാനം' എന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച സഖാവ്.

സമരമുഖങ്ങളിൽ ആർജ്ജവത്തോടെ ഉയർന്ന മുഷ്ടി, തൊഴിലാളിവർഗ്ഗത്തിന്റെ അഭിമാനമായിരുന്നു. 'ഇൻക്വിലാബ് സിന്ദാബാദ്!' എന്ന് ആഞ്ഞടിച്ച മുദ്രാവാക്യങ്ങൾ ഇന്നും കാതുകളിൽ മുഴങ്ങുന്നു. പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ കർമ്മയോഗിയുടെ ഓർമ്മകൾക്ക് മരണമില്ല. ഓരോ ചുവന്ന കൊടിയിലും, ഓരോ മുദ്രാവാക്യത്തിലും, ഓരോ തൊഴിലാളി പോരാട്ടത്തിലും സഖാവ് ജീവിക്കും. പ്രിയ സഖാവേ, താങ്കൾ ഞങ്ങൾക്ക് വഴികാട്ടിയായിരുന്നു, ഊർജ്ജമായിരുന്നു, എന്നും ജ്വലിക്കുന്ന ഓർമ്മയായിരുന്നു.

വിപ്ലവത്തിന്റെ പാതയിൽ മുന്നോട്ട് പോകാൻ നിങ്ങളുടെ ഓർമ്മകൾ എന്നും ഞങ്ങൾക്ക് കരുത്താകും.
അടങ്ങാത്ത പോരാട്ടവീര്യത്തിന്,
അണയാത്ത കമ്മ്യൂണിസ്റ്റ് ജ്വാലയ്ക്ക്,
ഒരു രക്തനക്ഷത്ര പ്രണാമം!
ലാൽ സലാം, സഖാവേ! ലാൽ സലാം!

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 3.20 ഓടെയാണ് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ മരിച്ചത്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

content highlights: shammy thilakan about vs chuthanandhan

dot image
To advertise here,contact us
dot image