
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തിലെ ഏറ്റവും വേദനയോടെ നിന്ന സമയത്ത് കൈപിടിച്ചുയർത്തിയത് വി എസിന്റെ ഒരു ഫോൺ കോൾ ആയിരുന്നുവെന്നും അതുകാരണം തിരിച്ചു കിട്ടിയത് തന്റെയും മാതാപിതാക്കളുടെയും ജീവിതമാണെന്നും അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.
"ജീവിതത്തിൽ ഏറ്റവും വേദനയോടെ നിന്നപ്പോൾ കൈ പിടിച്ചു കയറ്റാൻ അന്ന് ഞങ്ങൾക്ക് ആലുവ എസ്പി ഓഫീസ് നിന്നും ഒരു വിളി വന്നു. അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് വി എസ് പറഞ്ഞിട്ട് വന്ന ആ വിളി കാരണം തിരിച്ചു കിട്ടിയത് ഞാനും അമ്മയും അച്ഛനും അടക്കം മൂന്ന് പേരുടെ ജീവിതമാണ്. ഞാൻ എന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കാരണക്കാരനായ പ്രിയ സഖാവിന് വിട", അഭിലാഷ് പിള്ളയുടെ വാക്കുകൾ.
സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് പ്രിയ നേതാവിന് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. പ്രിയ സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു എന്നും പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി അർപ്പിക്കുന്നെന്നും മഞ്ജു വാര്യർ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 3.20 ഓടെയാണ് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ മരിച്ചത്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
content highlights: abhilash pillai condemns on vs chuthanandhan's death