
ഐഎംഡിബിയുടെ ജനുവരി മുതൽ ജൂലൈ വരെയുള്ള ഏറ്റവും ജനപ്രീയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നു. ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഹിന്ദിയില്‍ നിന്ന് ആറ് സിനിമകള്‍ ഇടംപിടിച്ചപ്പോള്‍ തമിഴില്‍ നിന്ന് മൂന്നും മലയാളത്തില്‍ നിന്ന് ഒരു ചിത്രവും ഇടംപിടിച്ചിട്ടുണ്ട്.
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി, മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മലയാളത്തില്‍ നിന്നുള്ള ഒരേയൊരു എൻട്രി. നിലവിൽ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് എമ്പുരാൻ ഇടം പിടിച്ചിരിക്കുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ ആണ് നേടിയതെങ്കിലും ആഗോള ബിസിനെസ്സിൽ 300 കോടിയോളം നേടിയിരുന്നു. വിക്കി കൗശൽ നായകനായി എത്തിയ 'ഛാവ'യാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 557 കോടിയാണ് സിനിമ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് കളക്ഷനിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു. സിനിമയിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു.
പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്രാഗൺ' ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. തിയേറ്ററിൽ പരാജയമായെങ്കിലും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ നായകനായി എത്തിയ 'ദേവ' ജനപ്രീതിയിൽ മൂന്നാം സ്ഥാനം നേടി. ബോക്സ് ഓഫീസിൽ വലിയ വിജയം കൊയ്ത അജയ് ദേവ്ഗൺ ചിത്രം 'റെയ്ഡ് 2' നാലാം സ്ഥാനം നേടിയപ്പോൾ കാർത്തിക് സുബ്ബരാജ്-സൂര്യ ചിത്രം 'റെട്രോ' അഞ്ചാം സ്ഥാനത്തെത്തി. ദി ഡിപ്ലോമാറ്റ്, സിതാരെ സമീന്‍ പര്‍, കേസരി ചാപ്റ്റര്‍ 2, വിടാമുയര്‍ച്ചി എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ. അതേസമയം, തിയേറ്ററിൽ വമ്പൻ വിജയമായ 'തുടരും' ലിസ്റ്റിൽ ഇടം നേടിയില്ല.
Content Highlights: IMDB most popular films of 2025