
ഐഎംഡിബിയുടെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള ലിസ്റ്റിൽ കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാമതെത്തി കൂലി. രജനികാന്ത് നായകനായി എത്തുന്ന ഈ ലോകേഷ് കനകരാജ് ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററുകളിൽ എത്തുന്നത്. അനിരുദ്ധിന്റെ മ്യൂസിക്കിലെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തുന്ന വാർ 2 ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. പ്രഭാസ് നായകനായി എത്തുന്ന ഹൊറർ കോമഡി ചിത്രം ദി രാജാസാബ് ആണ് മൂന്നാം സ്ഥാനത്ത്. ഡിസംബർ അഞ്ചിന് ആഗോളതലത്തിൽ സിനിമ റിലീസ് ചെയ്യും.
ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മോഹൻലാൽ ചിത്രം ഹൃദയപൂർവ്വമാണ് ഈ ലിസ്റ്റിലുള്ള ഒരേ ഒരു മലയാളം സിനിമ. മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും.
'ഹൃദയപൂർവ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.
#Coolie is IMDb’s Most Anticipated Movie For the Remaining of 2025! pic.twitter.com/EPVaoppc8l
— Sreedhar Pillai (@sri50) July 9, 2025
ഷനായ കപൂർ, വിക്രാന്ത് മാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആങ്കോൻ കി ഗുസ്താഖിയാൻ' ആണ് ഈ ലിസ്റ്റിലെ നാലാം സ്ഥാനത്തുള്ള സിനിമ. ചിത്രം ജൂലൈ 11 ന് പുറത്തിറങ്ങും. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് സിംഗ് ആണ്. മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീത് പദ്ധ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'സയാര' ആണ് അഞ്ചാം സ്ഥാനത്തുള്ള സിനിമ. ഭാഗി 4, സൺ ഓഫ് സർദാർ 2, മഹാവതാർ നരസിംഹ, ആൽഫ എന്നിവയാണ് ആദ്യ പത്തിൽ സ്ഥാനം പിടിച്ച മറ്റു സിനിമകൾ.
Content Highlights: Coolie at first position in IMDB most anticipated film list