
നാനിയെ നായകനാക്കി ഒരുക്കിയ അണ്ടെ സുന്ദരനികി, സരിപോദാ ശനിവാരം എന്നീ സിനിമകൾ ഒരുക്കിയ സംവിധായകനാണ് വിവേക് ആത്രേയ. ഈ രണ്ട് സിനിമകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ഇതിൽ സരിപോദാ ശനിവാരം ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടിരുന്നു. ഇപ്പോഴിതാ അടുത്തതായി ഒരു വമ്പൻ സിനിമയ്ക്ക് തയ്യാറെടുക്കുകയാണ് വിവേക്.
നടൻ രജനികാന്തിനൊപ്പമാണ് വിവേകിന്റെ അടുത്ത സിനിമയെന്നാണ് റിപ്പോർട്ട്. രജനിയുടെ അടുത്ത് തന്റെ അടുത്ത കഥ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, വിവേകിനൊപ്പം എച്ച് വിനോദിന്റെ പേരും അടുത്ത രജനി സിനിമയ്ക്കായി ഉയർന്ന് കേൾക്കുന്നുണ്ട്. നടൻ രജനികാന്തുമായി എച്ച് വിനോദ് രണ്ട് തവണ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹവുമായി അടുത്ത സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സംവിധായകൻ നടത്തിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ജനനായകന് ശേഷം സൂപ്പർസ്റ്റാറുമായി എച്ച് വിനോദ് ഒന്നിക്കാൻ ഒരുങ്ങുകയാണോ എന്നാണ് രജനി ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
💥#Thalaivar173 Buzz:
— Kollywood Now (@kollywoodnow) July 7, 2025
Superstar #Rajinikanth is in talks with Telugu director #VivekAthreya (Ante Sundaraniki, Saripodhaa Sanivaaram) for his next!#HVinoth has also pitched a script 👀 Let’s wait and watch! pic.twitter.com/2RblHjH7AW
അതേസമയം വിജയ്‌യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ജനനായകൻ അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസിനെത്തും. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സിനിമയായ കൂലി ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രം കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.
Content Highlights: Thalaivar 173 to be directed by Vivek Athreya?