
ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര നല്ല പ്രതികരണങ്ങളോടെ തിയേറ്ററിൽ മികച്ച നേട്ടമാണ് കാഴ്ചവെച്ചത്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. സിനിമയുടെ കളക്ഷൻ റിപ്പോർട്ടും ഒടിടി സ്ട്രീമിങ് തീയതിയും പുറത്തുവന്നിരിക്കുകയാണ്.
ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്. ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി.കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, ആമസോണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ജൂലൈ 18നായിരിക്കും സ്ട്രീമിങ് ആരംഭിക്കുന്നത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. ഈ വർഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച കുബേര അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.
Content Highlights: Kubera OTT streaming date report and collection details