സുധാകരൻ്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്

സുധാകരന്റെ അടുത്ത അനുയായി ജയന്ത് ദിനേശ് അതൃപ്തി പ്രകടമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു

dot image

കണ്ണൂര്‍: വിവാദത്തിന് പിന്നാലെ 'സമര സംഗമ'ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്റര്‍ പുറത്തിറക്കി. സുധാകരന്റെ സന്തതസഹചാരി ജയന്ത് ദിനേശ് അതൃപ്തി പ്രകടമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെ സുധാകരന്‍ അനുകൂലികള്‍ അതേറ്റെടുത്തിരുന്നു. ഇതിനുശേഷമാണ് സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയത്.

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന 'സമര സംഗമ'ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ സമര സംഗമം എന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററാണ് വിവാദമായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

എന്നാല്‍ പോസ്റ്ററിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ജയന്ത് രംഗത്തെത്തുകയായിരുന്നു. 'കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ ജില്ലയില്‍ പാര്‍ട്ടിയുടെ സമരപരിപാടി നടക്കുമ്പോള്‍ പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും തന്നെ ജനിച്ചിട്ടില്ല', എന്നായിരുന്നു ജയന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

Content Highlights: poster in Kannur without Sudhakaran s picture Congress make new poster after controversy

dot image
To advertise here,contact us
dot image