
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വി സി കത്തയച്ചു. ഓഫീസ് കൈകാര്യം ചെയ്താൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തിൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അനിൽകുമാറിന്റെ സസ്പെൻഷൻ തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനധികൃതമായി ഓഫീസ് കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായും കത്തിൽ പറയുന്നു. ആവർത്തിച്ചാൽ കടുത്ത നടപടിക്ക് വിധേയനാകേണ്ടി വരുമെന്നും വിസി അനിൽ കുമാറിന് താക്കീത് നൽകിയിട്ടുണ്ട്.
ഇതിനിടെ കേരള യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ നടത്തിയ സമരത്തിനെതിരെ വൈസ് ചാൻസലർ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. സർവ്വകലാശാല വളപ്പിനും മന്ദിരത്തിനും നാശനഷ്ടം ഉണ്ടായിയെന്നും അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചതാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.
ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാറായി അനിൽ കുമാർ വീണ്ടും ചുമതലയേൽക്കുകയായിരുന്നു. എന്നാൽ സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വി സി സിസ തോമസ് മിനി കാപ്പനെ പകരം രജിസ്ട്രാറായി നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് നിയമിച്ച രജിസ്ട്രാർ കെ എസ് അനിൽകുമാറും വൈസ് ചാൻസലർ നിയോഗിച്ച രജിസ്ട്രാർ മിനി കാപ്പനും സർവകലാശാലയിലെത്തിയിരുന്നു.
ഗവർണറും വിസിയും സർവ്വകലാശാലയെ ആർഎസ്എസ് കേന്ദ്രമാക്കുന്നുവെന്ന് കുറ്റപ്പെടുത്തി എസ്എഫ്ഐ കേരള സർവ്വകലാശാലയിലേയ്ക്ക് ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് ബലമായി സർവ്വകലാശാല ഓഫീസിനുള്ളിൽ പ്രവേശിച്ചിരുന്നു. കേരള സർവ്വകലാശാലയിലെ പ്രതിഷേധത്തിൻ്റെ പേരിൽ 27 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 1000 പേർക്ക് എതിരെയും കേസ് എടുത്തു. പൊതുമുതൽ നശിപ്പിച്ചു, പൊലീസുകാരെയും സർവകലാശാല ജീവനക്കാരെയും ദേഹോപദ്രവം എല്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മുഴുവൻ പേർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Content Highlight: Vice Chancellor Writes letter to Registrar asking him not to enter Kerala University campus