
ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക് സിനിമയിലെ മുൻനിര സംവിധായകരുടെ പട്ടികയിൽ ഇടം നേടിയ സംവിധായകനാണ് വെങ്കി അറ്റ്ലൂരി. ദുൽഖറിനെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറക്കിയ ലക്കി ഭാസ്കർ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ തനിക്ക് ലക്കി ഭാസ്കറിന് ശേഷം നിരവധി ഓഫറുകൾ ലഭിച്ചിരുന്നെന്നും
എന്നാൽ പീരിയഡ്, ത്രില്ലർ സിനിമകൾ ചെയ്യുന്നതിനേക്കാൾ തനിക്ക് കുടുംബ ചിത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്ന് പറയുകയാണ് സംവിധായകൻ. തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലക്കി ഭാസ്കറിന് ശേഷം നിർമ്മാതാക്കളിൽ നിന്ന് എനിക്ക് ബയോപിക് ഒരുക്കാനുള്ള ഓഫറുകൾ ലഭിച്ചു. പക്ഷേ എനിക്ക് ബയോപിക് ചെയ്യാൻ താൽപ്പര്യമില്ല. ഇനി എനിക്ക് പീരിയഡ് സിനിമ വേണ്ട, ത്രില്ലറുകളും വേണ്ട. സന്തോഷകരമായ കുടുംബ ചിത്രങ്ങൾ നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മുഴുവൻ കുടുംബവും സന്തോഷിക്കണം, ചിരിച്ചും കരഞ്ഞും പോകണം,' വെങ്കി അറ്റ്ലൂരി പറഞ്ഞു.
"After LuckyBhaskar i got offers to make biopic from producers. But i don't want to do Biopic❌, No Period film, No Thrillers. I just want to give happy Family films😀. The entire family should be happy, laugh & cry and go🫶"
— AmuthaBharathi (@CinemaWithAB) July 6, 2025
- #VenkiAtluri About #Suriya46pic.twitter.com/Zk8tlrcC1H
അതേസമയം, കഴിഞ്ഞ വർഷത്തെ ബ്ലോക്ക് ബസ്റ്റർ ആയിരുന്ന ലക്കി ഭാസ്കറിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്നും സംവിധായൻ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വിവരങ്ങൾ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറഞ്ഞത്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിൽ നായിക. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ ചിത്രത്തില്‍ എത്തിയത്. ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.
Content Highlights: Venky Atluri says he is more interested in doing family films