ആറ് മാസത്തിൽ 3 ഹിറ്റുകൾ മാത്രം; കഷ്ടിച്ച് രക്ഷപ്പെട്ട് അക്ഷയ് കുമാർ; 2025 ബോളിവുഡിനെ രക്ഷിച്ചോ? റിപ്പോർട്ട്

തുടർ പരാജയങ്ങൾക്ക് ശേഷം അക്ഷയ് കുമാറിനും ഈ വർഷം ചെറിയ ആശ്വാസം ലഭിച്ചിട്ടുണ്ട്

dot image

2025 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ബോളിവുഡിന് അത്ര നല്ല സമയമല്ല. സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വമ്പൻ സിനിമകൾ ഈ വർഷം ഇതുവരെയായി പുറത്തിറങ്ങിയെങ്കിലും പലതിനും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിയുന്നില്ല. ആറ് മാസങ്ങൾ പിന്നിടുമ്പോൾ വെറും മൂന്ന് ഹിറ്റ് സിനിമകൾ മാത്രമാണ് ബോളിവുഡിന് ഇതുവരെ സമ്മാനിക്കാനായത്.

വിക്കി കൗശൽ നായകനായി എത്തിയ ഛാവയാണ് ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 557 കോടിയാണ് സിനിമ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് കളക്ഷനിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു. സിനിമയിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. അജയ് ദേവ്ഗൺ ചിത്രമായ റെയ്ഡ് 2 ആണ് വിജയചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ 165 കോടി ഇന്ത്യയിൽ നിന്ന് നേടി. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തിയ റെയ്ഡ് 2 ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. രാജ് കുമാർ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തത്.

വലിയ പരാജയങ്ങൾക്ക് ശേഷമെത്തിയ ആമിർ ഖാൻ ചിത്രം സിത്താരെ സമീൻ പർ ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കുന്ന കാഴ്ചയാണുണ്ടാകുന്നത്. പതിയെ തുടങ്ങിയ സിനിമ പിന്നീട് മികച്ച പ്രതികരണങ്ങളുടെ സഹായത്താൽ കളക്ഷനിൽ മുന്നേറ്റമുണ്ടാക്കി. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് പ്രതികരണങ്ങൾ. ഇതുവരെ 132.53 കോടി സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. ഇത് ഇനിയും വർധിക്കുമെന്നാണ് നിഗമനം.

അതേസമയം, ഈ മൂന്നു സിനിമകളെ കൂടാതെ ചുരുക്കം ചില സിനിമകൾക്കും ബോക്സ് ഓഫീസിൽ നേരിയ ചലനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സണ്ണി ഡിയോൾ നായകനായി എത്തിയ ആക്ഷൻ ചിത്രം ജാട്ട് 86 കോടി നേടി ശരാശരി വിജയം കൈവരിച്ചു. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. തുടർ പരാജയങ്ങൾക്ക് ശേഷം അക്ഷയ് കുമാറിനും ഈ വർഷം ചെറിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ കേസരി 2 91 കോടിയുമായി സെമി ഹിറ്റ് ടാഗ് നേടിയപ്പോൾ തുടർന്നെത്തിയ ഹൗസ്ഫുൾ 5 170 കോടിയുമായി ശരാശരി വിജയം നേടി. 300 കോടിയ്ക്കും മുകളിലായിരുന്നു സിനിമയുടെ ബജറ്റ്.

Content Highlights: Bollywood 2025 box office report

dot image
To advertise here,contact us
dot image