
തമിഴ്നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമ കൂടിയാണ് ഡ്രാഗണ്‍. തമിഴ് സിനിമയിൽ കാര്യമായ ഹിറ്റുകൾ ഒന്നും ഉണ്ടാകാതിരുന്ന സമയത്താണ് ഡ്രാഗൺ തിയേറ്ററിൽ എത്തുന്നതും ഹിറ്റ് അടിക്കുന്നതും. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പോസ്റ്റർ ഷെയർ ചെയ്ത നടൻ പ്രദീപ് രംഗനാഥൻ സിനിമയെ വിജയിപ്പിച്ച പ്രേക്ഷകന് നന്ദി അറിയിച്ചിട്ടുണ്ട്.
ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചപ്പോഴും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം, ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ 140 കോടിയാണ്.
ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.
Content Highlights: Pradeep Ranganathan's film Dragon completes 100 days