
Jul 11, 2025
01:24 AM
കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന കൂലി കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് മ്യൂസിക്കിൽ എത്തുന്ന സിനിമയിലെ 'ചികിട്ടു' എന്ന പാട്ടിന്‍റെ പ്രമോയാണ് പുറത്തുവന്നിരിക്കുന്നത്.
ഈ മാസം 25 ന് പാട്ട് റീലീസ് ചെയ്യും. അറിവിന്റെ വരികൾ ടി രാജേന്ദർ, അനിരുദ്ധ് രവിചന്ദർ, അറിവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രൊമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. അനിരുദ്ധിന്റെ ഗെറ്റപ്പും മാസും എല്ലാം ആരാധകർക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. തലൈവർ പടം ഹിറ്റാകും, ഇത് പൊളിക്കും എന്നൊക്കെയായി പാട്ടിനെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകൾ നീളുകയാണ്.
ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ഏകദേശം 81 കോടി രൂപക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി താൻ എത്തുന്നുണ്ടെന്ന് ബോളിവുഡ് താരം ആമീർ ഖാൻ വെളിപ്പെടുത്തിയിരുന്നു. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Coolie movie song is coming, the crew shares an update