
കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിലും തെലുങ്കിലും തമിഴിലും തിരക്കിലാണ് നടി മാളവിക മോഹനൻ. മലയാളത്തിൽ മോഹൻലാലിന്റെ നായികയാണെങ്കിൽ തെലുങ്കിൽ പ്രഭാസിന്റെ നായികയാണ് മാളവിക. ഇപ്പോഴിതാ ദി രാജാസാബ് സിനിമയുടെ സെറ്റിൽവെച്ച് പ്രഭാസിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് മാളവിക.
'രാജാസാബ് സിനിമയുടെ ആവേശത്തിലാണ് ഞങ്ങൾ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളിൽ ഒന്ന്, ഞങ്ങളുടെ സിനിമയുടെ സെറ്റിൽ വെച്ച് പ്രഭാസ് സാറിനെ ആദ്യമായി കണ്ടപ്പോഴാണ്. ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു, ഉറക്കമില്ലാതെ ഹൈദരാബാദിലേക്ക് യാത്ര ചെയ്തിരുന്നു, വളരെ ക്ഷീണിതയായിരുന്നു, പക്ഷേ പ്രഭാസ് സാറിനെ കണ്ട നിമിഷം ഞാൻ ഉണർന്നു! അദ്ദേഹം വളരെ സ്നേഹത്തോടെയാണ് സ്വാഗതം ചെയ്തു. അദ്ദേഹം നന്നായി സംസാരിക്കുകയും ചെയ്തു,' മാളവിക മോഹനൻ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പ്രഭാസിന്റെ ആദ്യമായി കണ്ട അനുഭവം മാളവിക പങ്കുവെച്ചത്.
We’re buzzing with the excitement of #TheRajaSaabTeaser so I’ll answer this one first ☺️
— Malavika Mohanan (@MalavikaM_) June 18, 2025
I would say one of the special moments for me was the first time I met Prabhas sir on the sets of our film.
I was shooting for another film & had travelled to Hyderabad without getting any… https://t.co/6CqCcvyzxc
അതേസമയം, 'കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമ ഡിസംബർ അഞ്ചിന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ പ്രഭാസ് ഡബിൾ റോളിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ദൃശ്യവിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
നിധി അഗർവാള്, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ഇന്ത്യൻ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റർ സീസണായ ഡിസംബറിൽ 'രാജാ സാബ്' ഒരു ഗെയിം-ചേഞ്ചർ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. തമൻ ആണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്.
Content Highlights: Malavika Mohanan spoke about meeting actor Prabhas for the first time