സിനിമയുടെ മാർക്കറ്റിങ് സ്ട്രാറ്റജി ആയി ഞാൻ മാറി, വോയ്‌സ് റെക്കോർഡ് ഉണ്ടെങ്കിൽ അത് അവർ പുറത്തുവിടണം: ബിജിത്

'കാശ് തന്നില്ലെങ്കിൽ ഞാൻ നെഗറ്റീവ് റിവ്യൂ ഇടും എന്ന് പറഞ്ഞ ആ വോയ്‌സ് റെക്കോർഡ് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടണം'

dot image

പണം നൽകാത്തതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ സിനിമക്കെതിരെ നെഗറ്റീവ് പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജിത് വിജയൻ എന്ന ആൾക്കെതിരെയും സിനിഫൈൽ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പിനെതിരെയും 'വ്യസനസമേതം ബന്ധുമിത്രാദി'കളിന്റെ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇപ്പോഴിതാ പരാതിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിഫൈൽ ഗ്രൂപ്പിന്റെ അഡ്മിൻ ആയ ബിജിൻ വിജയൻ. വിപിൻ ദാസിന്റെ മറ്റൊരു മാർക്കറ്റിങ് സ്ട്രാറ്റജി ആയിരുന്നു താനും സിനിഫൈൽ മൂവി ഗ്രൂപ്പുമെന്നും ബിജിത് വിജയൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

'രണ്ട് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിപിൻ ദാസ് ആണ് ഈ സിനിമയുടെ നിർമാതാവ്. അദ്ദേഹം എനിക്കെതിരെ പറഞ്ഞത് സിനിഫൈൽ ഗ്രൂപ്പിന് കാശ് തന്നില്ലെങ്കിൽ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തുമെന്നാണ്. ഞാൻ നെഗറ്റീവ് റിവ്യൂ ചെയ്യും എന്ന് പറഞ്ഞ വോയ്‌സ് റെക്കോർഡ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരു വോയ്‌സ് റെക്കോർഡ് ഉണ്ടെങ്കിൽ അദ്ദേഹം അത് പുറത്തുവിടണം. പുള്ളിയുടെ സിനിമയുടെ മറ്റൊരു മാർക്കറ്റിങ് സ്ട്രാറ്റജി ആയിരുന്നു ഞാനും സിനിഫൈൽ മൂവി ഗ്രൂപ്പും. കാശ് തന്നില്ലെങ്കിൽ ഞാൻ നെഗറ്റീവ് റിവ്യൂ ഇടും എന്ന് ഞാൻ പറഞ്ഞ ആ വോയ്‌സ് റെക്കോർഡ് കൈയിലുണ്ടെന്ന് പറഞ്ഞത് സത്യമാണെങ്കില്‍ അത് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടണം. നല്ല സിനിമകൾ മരിക്കാതിരിക്കട്ടെ എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ആ ഞാൻ പറയുന്നു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടണം', ബിജിത് വിജയൻ പറഞ്ഞു.

പാലാരിവട്ടം പൊലീസിൽ മാനനഷ്ടത്തിനാണ് കേസ് നൽകിയതെന്ന് സിനിമയുടെ പ്രൊഡ്യൂസർ വിപിൻദാസ്, ഡയറക്ടർ എസ്. വിപിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ നിന്നുള്ളവരായതിനാൽ അവിടെയും കേസ് കൊടുത്തിട്ടുണ്ട്. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയിലും പരാതി നൽകിയിട്ടുണ്ടെന്നും കേസിൽ ഇരുവരും കക്ഷിചേരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Bijith vijayan responds to complaint filed by Vyasanasametham Bandhumithradikal team 

dot image
To advertise here,contact us
dot image