
സൽമാൻ ഖാനെ നായകനാക്കി കബീർ ഖാൻ ഒരുക്കിയ ചിത്രമാണ് ബജ്രംഗി ഭായ്ജാൻ. നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിട്ടാണ് ചിത്രത്തെ കണക്കാക്കപ്പെടുന്നത്. ചിത്രത്തിലെ സൽമാൻ ഖാന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ സൽമാൻ ഖാന് പകരം തന്നെ ആയിരുന്നു ആദ്യം നായകനായി പരിഗണിച്ചിരുന്നത് എന്ന് തുറന്നുപറയുകയാണ് നടൻ ആമിർ ഖാൻ.
'ബജ്രംഗി ഭായ്ജാനിന്റെ സ്ക്രിപ്റ്റ് ആദ്യം എന്റെ പക്കലേക്കാണ് വന്നത്. എന്നാൽ കഥ കേട്ടുകഴിഞ്ഞ് ഈ സിനിമ സൽമാൻ ഖാൻ ചെയ്‌താൽ നന്നാകും എന്ന് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിനോട് പറയുന്നത് ഞാൻ ആണ്. വിജയേന്ദ്ര പ്രസാദ് നേരെ സംവിധായകൻ കബീർ ഖാനിന്റെ അടുത്ത് പോകുകയും അദ്ദേഹമാണ് സൽമാനോട് സിനിമയുടെ കഥ പറയുന്നത്', ആമിർ ഖാൻ പറഞ്ഞു.
ഹർഷാലി മൽഹോത്ര, കരീന കപൂർ, നവാസുദ്ദീൻ സിദ്ദിഖി, ശരത് സക്‌സേന എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. കബീർ ഖാൻ, പർവീസ് ഷെയ്ഖ്, വി വിജയേന്ദ്ര പ്രസാദ് എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. സൽമാൻ ഖാൻ, റോക്ക്‌ലൈൻ വെങ്കിടേഷ്, കബീർ ഖാൻ എന്നിവർ ചേർന്ന് നിർമിച്ച ബജ്രംഗി ഭായ്ജാൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 918 കോടിയാണ്.
#AamirKhan reveals that Bajrangi Bhaijaan was first offered to him, but he passed it on to #SalmanKhan, believing the role was tailor made for him❗pic.twitter.com/qpeSvMfQg0
— Mohammed Ihsan (@ihsan21792) June 14, 2025
അതേസമയം, സിത്താരെ സമീൻ പർ ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ ചിത്രം. സിനിമ ജൂൺ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.
Content Highlights: I suggested Salman Khan in Bajrangi Bhaijaan says Aamir Khan