
മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. കമൽ ഹാസൻ നായകനായി എത്തുന്ന സിനിമയിൽ സിലമ്പരശനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയാണിത്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇതുവരെ ലഭിക്കുന്നത്.
ബുക്കിംഗ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ 51K ടിക്കറ്റുകളാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. അതേസമയം, ആഗോള തലത്തിൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് 9 കോടി കടന്നെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിവസം മികച്ച കളക്ഷൻ തന്നെ സിനിമയ്ക്ക് നേടാനാകും എന്നാണ് പ്രതീക്ഷ. വിദേശരാജ്യങ്ങളിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം പുലർച്ചെ നാല് മണി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ തഗ് ലൈഫിന്റെ ആദ്യ പ്രദർശനം ഒൻപത് മണിക്കാണ് തുടങ്ങുക. കേരളത്തിലും ഇതേ സമയത്താണ് ആദ്യ ഷോ ആരംഭിക്കുക. കേരളത്തിലുൾപ്പെടെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
തഗ് ലൈഫിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാനായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
#ThugLife worldwide pre-sales 8.5 - 9 Crores.
— AB George (@AbGeorge_) June 1, 2025
Super Trend in overseas. Domestic yet to open fully, especially national plexes.
4 days to go. pic.twitter.com/yjjSoy4IMv
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 255 ൽ കൂടുതൽ സ്‌ക്രീനുകളിൽ സിനിമ എത്തുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ സ്‌ക്രീനുകളിലായാണ് യുകെയിലും അയര്‍ലന്‍ഡിലും സിനിമ എത്തുന്നത്.
Content Highlights: super advance bookings for Thug life