
തെന്മല: കേരള-തമിഴ്നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി നടൻ മോഹൻലാൽ. മുരുകന് കാണിക്കയായി ചെമ്പിൽ പൊതിഞ്ഞ വേൽ മോഹൻലാൽ സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നിത്യേന കേരളത്തിൽനിന്ന് നൂറുകണക്കിനുപേർ സന്ദർശിക്കുന്ന ക്ഷേത്രമാണ് തിരുമലക്കോവിൽ. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ചെങ്കോട്ട പൻപൊഴിയിൽ പശ്ചിമഘട്ടത്തോടു ചേർന്ന് കുന്നിൻമുകളിലാണ് മുഴുവനും കരിങ്കല്ലുകൊണ്ട് നിർമിച്ച ക്ഷേത്രമുള്ളത്. മുരുകൻ 'കുമാരസ്വാമി'യെന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.
അതേസമയം മോഹൻലാലിൻറെ ഒടുവിൽ റിലീസ് ചെയ്ത സിനിമ തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ തുടരും ആണ്. സിനിമയിൽ ഷണ്മുഖൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സിനിമയിലെ തിരുമല മുരുകൻ എന്ന പ്രമോ സോങ് ഹിറ്റായിരുന്നു. സിനിമ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലിന് പുറമേ ശോഭനയും, പ്രകാശ് വർമയും ബിനു പപ്പുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Mohanlal offers Murugan veal at Thirumala Kovil