
മഹേഷ് നാരായണൻ സംവിധാനത്തിൽ തിയേറ്ററിൽ എത്തി ഹിറ്റടിച്ച ഫഹദ് ഫാസിൽ ചിത്രമായിരുന്നു മാലിക്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ വിനയ് ഫോർട്ടും എത്തിയിരുന്നു. ഫഹദ് ഒന്നും ചെയ്തില്ലെങ്കിലും ഗംഭീര നടനായാണ് ആളുകൾ കാണുന്നതെന്നും അതിനാൽ തന്നെ സിനിമയിൽ താൻ ഓരോ ഷോട്ടിനും 100 ശതമാനം നൽകിയെന്നും പറയുകയാണ് നടൻ. പുതിയ സിനിമയായ ഓടും കുതിര ചാടും കുതിരയിൽ ഹ്യൂമർ വേഷമാണെന്നും ഫഹദിന്റെ ചേട്ടനായാണ് സിനിമയിൽ എത്തുന്നതെന്നും വിനയ് ഫോർട്ട് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഓടും കുതിര ചാടും കുതിര സിനിമയിൽ ഫഹദിന്റെ കൂടെ അഭിനയിക്കുമ്പോൾ സംശയം ഉണ്ടായിരുന്നില്ല. പക്ഷെ മാലിക്കിൽ ഭയങ്കര സംശയമായിരുന്നു. ഫഹദ് വന്നിട്ട് ഒന്നും ചെയ്തില്ലെങ്കിലും ഫഹദ് വലിയ ഒരു നടൻ എന്ന നിലയിൽ നിൽക്കുന്ന ആളാണ്. അപ്പോൾ ഇവൻ ഒന്നും ചെയ്തില്ലെങ്കിലും ആളുകൾ ഇയാൾ ഒരു ഗംഭീര നടനാണെന്ന് പറഞ്ഞാണ് കാണുന്നത്. ഞാനും മാലിക്കിൽ അതേ പ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. ഞാൻ 100 ശതമാനം കൊടുക്കണം. തമാശ ഇറങ്ങുന്നതിന് മുന്നേയാണ് മഹേഷ് ഏട്ടൻ എന്നെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ ആ റോളിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ സിനിമയിൽ ഓരോ ഷോട്ടിനും നൂറു ശതമാന കൊടുക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. ഇല്ലെങ്കിൽ ഇയാൾ നമ്മളെ പുറം കാലുകൊണ്ട് അടിക്കില്ലേ.
ഓടും കുതിര ചാടും കുതിര ഒരു ഹ്യുമർ സിനിമയാണ്. ഞാൻ സിനിമയിൽ ഫഹദിന്റെ ചേട്ടനാണ്, ഇതൊരു ബാലൻസിങ് ആണ്. മാലിക്കിൽ ഒരു മനുഷ്യൻ കടന്നു പോകാൻ കഴിയുന്ന എല്ലാത്തരം ഫീലിംഗ്സിലൂടെയും ഡേവിഡ് എന്ന കഥാപാത്രം കടന്നുപോകുന്നുണ്ട്. ഓടും കുതിര വരുമ്പോൾ ആളുകൾ ചിരിക്കുന്നുണ്ടോ എന്ന പരിപാടി മാത്രം ആലോചിച്ചാൽ മതി. ഓടും കുതിര വളരെ കംഫർട്ടബിൾ ആയിരുന്നു. എനിക്ക് കുറച്ച് സമയം എടുക്കും അത് വേണ്ട പരിപാടി പെട്ടന്ന് തീർക്കണം എന്ന് മാത്രമാണ് അൽത്താഫ് പറഞ്ഞിരുന്നത്,' വിനയ് ഫോർട്ട് പറഞ്ഞു.
Content Highlights: Vinay Fort says people see Fahadh as a great actor even though he hasn't done anything