നരിവേട്ട കണ്ട് അഭിപ്രായം അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു; സന്തോഷം പങ്കുവെച്ച് സിനിമാ ടീം

ചിത്രം കാണാനായി മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ എത്തിയ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

dot image

മുത്തങ്ങയിലെ ആദിവാസികളുടെ ഭൂസമരവും അതിനെതിരെ നടന്ന പൊലീസ് അടിച്ചമര്‍ത്തലും പശ്ചാത്തലമായി വരുന്ന ചിത്രമായ നരിവേട്ട തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ച് സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവര്‍ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമ കാണുമെന്ന് അറിയിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നരിവേട്ട അണിയറപ്രവര്‍ത്തകര്‍. ചിത്രം കാണാനായി മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ സംവിധായകന്‍ അനുരാജ് മനോഹറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്, ആര്യ സലീം, പ്രണവ് എന്നിവരും മറ്റ് അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു.

ഇതിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'സിനിമ കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും ഉറപ്പ് നല്‍കി കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പറഞ്ഞു' എന്നാണ് ഇവര്‍ വീഡിയോക്കൊപ്പം പറഞ്ഞിരിക്കുന്നത്.

നരിവേട്ട സിനിമയുടെ വരവോടെ മുത്തങ്ങ സമരം വീണ്ടും ചര്‍ച്ചകളിലെത്തിയിരിക്കുകയാണ്. 2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് മുത്തങ്ങയില്‍ വെടിവെപ്പ് നടക്കുന്നത്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഭൂമി ലഭിക്കാതെ ആയതോടെയാണ് ആദിവാസികള്‍ സമരത്തിന് ഇറങ്ങിയിരുന്നത്. ജോഗി എന്ന ആദിവാസി യുവാവും വിനോദ് എന്ന പൊലീസുകാരനും അന്നേ ദിവസം കൊല്ലപ്പെട്ടു എന്നാണ് രേഖകള്‍. എന്നാല്‍ പൊലീസ് വെടിവെപ്പില്‍ 25 ഓളം ആദിവാസി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് സമരനേതാക്കളിലൊരാളായ സി കെ ജാനു തന്റെ ആത്മകഥയില്‍ പറയുന്നത്.

അതേസമയം, മെയ് 23 തിയേറ്ററുകളിലെത്തിയ നരിവേട്ട 15 കോടിയ്ക്ക് മുകളില്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടുന്ന ചിത്രത്തിലെ പാട്ടുകളും പ്രകടനങ്ങളും വലിയ കയ്യടി നേടുന്നുണ്ട്. ആദിവാസികള്‍ നേരിടുന്ന അടിച്ചമര്‍ത്തലും അവഗണനയും മുഖ്യധാര സിനിമയില്‍ അവതരിപ്പിക്കാന്‍ തയ്യാറായതിന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും എഴുത്തുകാരനായി അബിന്‍ ജോസഫിനും സംവിധായകന്‍ അനുരാജിനുമെല്ലാം വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

Content Highlights: CM Pinarayi Vijayan promises to watch Narivetta movie starring Tovino Thomas

dot image
To advertise here,contact us
dot image