മഹേഷ് ബാബുവിന് മുന്നിൽ വിജയ് വീണു; ഗില്ലിയേക്കാൾ ഡിമാൻഡ് ആ തെലുങ്ക് ചിത്രത്തിന്

2010 ൽ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്.

dot image

സമീപ കാലത്തായി റീ റിലീസുകളെ കൊണ്ടാടുന്ന കാഴ്ച പതിവാണ്. അപ്രതീക്ഷിതമായി വലിയ ഹിറ്റുകളും റീ റിലീസുകൾ നേടിയിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു വിജയ്‌ സിനിമ ഗില്ലിയുടേത്. 32 കോടിയാണ് റീ റിലീസിൽ ഗില്ലി നേടിയിരുന്നത്. ഇപ്പോഴിതാ ഗില്ലിയുടെ റീ റീലിസ് അഡ്വാൻസ് ബുക്കിങ്ങിനെ കടത്തിവെട്ടിയിരിക്കുകയാണ് മഹേഷ് ബാബു ചിത്രം ഖലീജ. ബുക്ക് മൈ ഷോയിലൂടെ ചിത്രം ഒരു ദിവസം വിറ്റത് 62,000 ടിക്കറ്റുകളാണ്. തെന്നിന്ത്യന്‍ റീ റിലീസ് ചിത്രങ്ങളുടെ ലിസ്റ്റിൽ 24 മണിക്കൂറിൽ നടക്കുന്ന ഏറ്റവും വലിയ ബുക്കിം​ഗ് റെക്കോര്‍ഡ് ആണിതെന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഖലീജ. 2010 ൽ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനമായ മെയ് 30 നാണ് ചിത്രത്തിന്‍റെ റീ റിലീസ്. ചിത്രം ഇതിനോടകം ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളിലൂടെ 1,60,000 ടിക്കറ്റുകൾ വിറ്റിട്ടുണ്ട്.

സിനിമ ഇതുവരെ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ഇന്ത്യയില്‍ നിന്ന് 3 കോടി രൂപയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ റെക്കോർഡുകൾ സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മഹേഷ് ബാബു ആരാധകർ. ഒരു ഇന്ത്യന്‍ സിനിമ റീ റിലീസിലൂടെ നേടുന്ന ഏറ്റവും വലിയ ഓപണിം​ഗ് ഖലീജ സ്വന്തമാക്കുമോ എന്നറിയാനാണ് ട്രേഡ് അനലിസ്റ്റുകള്‍ കാത്തിരിക്കുന്നത്. സനം തേരി കസം എന്ന ചിത്രമാണ് ഇന്ത്യന്‍ റീ റിലീസുകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ കളക്റ്റ് ചെയ്ത ചിത്രം. ഇന്ത്യയില്‍ നിന്ന് 33 കോടി ചേര്‍ത്ത് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 53 കോടിയാണ് ചിത്രം നേടിയത്.

Content Highlights: Mahesh Babu's Khaleej is getting a re-release again

dot image
To advertise here,contact us
dot image