
സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും കാര്യമായ ചലനം സിനിമയ്ക്ക് ഉണ്ടാക്കാനായില്ല. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രം മെയ് 25 ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിക്കന്ദർ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തിയേറ്ററിൽ വലിയ പരാജയമായ സിനിമയ്ക്ക് ഒടിടിയിൽ ചലനമുണ്ടാക്കാനാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാൽ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായി.
Get ready for an action-packed night! 💥
— TamilCineX (@TamilCineX) May 24, 2025
Sallu Bhai's #Sikandar storms onto Netflix tonight! 🎬🔥 #SalmanKhan #RashmikaMandanna #KajalAggarwal #Sathyaraj #SharmanJoshi #PrateikBabbar pic.twitter.com/wiJmDTjtxR
ആഗോള ബോക്സ് ഓഫീസിൽ നിന്ന് 141.15 കോടി സിനിമ നേടിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. പ്രേക്ഷകരില്ലാത്തതിനാൽ സിക്കന്ദറിന്റെ ചില ഷോകൾ റദ്ദാക്കപ്പെട്ടതായി ചലച്ചിത്ര നിരൂപകൻ അമോദ് മെഹ്‌റ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights: Salman Khan film Sikandar streaming from tonight on OTT