
ഇന്നലെ ആരംഭിച്ച കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനിരുന്ന തീരുമാനത്തിൽ നിന്നും പിന്മാറി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തീരുമാനം. കാനില്‍ ആലിയയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്തവണത്തേത്.
ഇത്തരമൊരു നിര്‍ണായക സമയത്ത് കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് നടി കരുതുന്നതെന്ന് ആലിയയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പങ്കെടുക്കേണ്ടെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തീയതിയില്‍ പങ്കെടുക്കുന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നാണ് നിലപാട്. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്ലാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്. മേയ് 13 ന് ആരംഭിക്കുന്ന കാന്‍ ചലച്ചിത്രമേള മേയ് 24 ന് അവസാനിക്കും.
ഏപ്രില്‍ 22 നായിരുന്നു ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയില്‍ നടന്ന ഭീകരാക്രമണം നടന്നത്. 25 ഇന്ത്യക്കാരും ഒരു നേപ്പാളിയും ഉൾപ്പെടെ 26 പേരായിരുന്നു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേര് നല്‍കിയ സൈനിക നടപടിയിലൂടെ പാകിസ്താനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകര ഒളിത്താവളങ്ങള്‍ക്കെതിരെ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അവയെല്ലാം തകര്‍ത്തു. തുടർന്ന് മെയ് 10 ന് സീസ്‌ഫയർ പ്രഖ്യാപിച്ചു.
Content Highlights: Alia Bhatt cancels her Cannes debut