
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സർപ്പാട്ട പരമ്പരൈ. ബോക്സിങ് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒടിടി റിലീസായി ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ആര്യ.
സർപ്പാട്ട പരമ്പരൈ 2 വിന്റെ ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കുമെന്ന് നടൻ ആര്യ പറഞ്ഞു. നിലവിൽ പാ രഞ്ജിത്ത് 'വെട്ടുവം' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ആ ചിത്രം പൂർത്തിയായ ഉടൻ സർപ്പാട്ട പരമ്പരൈ 2 വിലേക്ക് കടക്കുമെന്നും ആര്യ പറഞ്ഞു. 1970-കളിൽ നടക്കുന്ന ഈ ചിത്രം, വർഷങ്ങളായി പരസ്പരം പോരടിക്കുന്ന വടക്കൻ ചെന്നൈയിലെ രണ്ട് ഗോത്രങ്ങളായ ഇടിയപ്പ പരമ്പരൈയും സർപ്പട്ട പരമ്പരൈയും തമ്മിലുള്ള സംഘർഷത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോൺ കൊക്കൻ, ഷബീർ കല്ലറക്കൽ, ദുഷാര വിജയൻ, പശുപതി, അനുപമ കുമാർ, സഞ്ചന നടരാജൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഷബീർ കല്ലറക്കൽ അവതരിപ്പിച്ച ഡാൻസിംഗ് റോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്തും കെ9 സ്റ്റുഡിയോസിന്റെ ബാനറിൽ ഷൺമുഖം ദക്ഷണരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് 19 മൂലമാണ് ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഛായാഗ്രഹണം മുരളി ജി, എഡിറ്റ് സെൽവ ആർ. കെ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
Content Highlights: Sarpatta Parambarai 2 update revealed by Actor Arya