

കൊച്ചി: സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്‌സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സത്യഭാമയുടെ ഫേസ്ബുക്ക് കുറിപ്പ്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രക്കും ടെന്‍ഷനെന്നും കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ഓക്കെയൊകുമെന്നുമുള്ള ഉപദേശവും സത്യഭാമ നല്‍കുന്നു. സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് രേഖ രതീഷ് വീഡിയോ പങ്കുവെച്ചത്.
'പ്രിയപ്പെട്ട സര്‍ക്കാര്‍, പിണറായി വിജയന്‍ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാന്‍ മലയാളം സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നൊരു മകന്‍ എനിക്കുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ എന്റെ ഫ്‌ലാറ്റില്‍ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് മോശം ക്യാപ്ഷനുകള്‍ കൊടുത്ത് എന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മര്‍ദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍.
എന്നാല്‍ യൂട്യൂബേഴ്‌സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മര്‍ദം കാരണം ജീവിക്കാന്‍ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്‌സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വീഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇവിടെ അവസാനിക്കണം. എന്നെ മാത്രമല്ല, ഇതേ ഫീല്‍ഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവര്‍. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകരുത്. സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം', നടി വീഡിയോയിലൂടെ പറയുന്നു.
Content Highlights: Kalamandalam Sathyabha against serial actress Rekha Ratheesh