

2017 ഫെബ്രുവരി 17 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം അങ്ങേറിയത്. പിന്നാലെ ഇത് വിമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നതിലേക്കും വഴിയൊരുക്കി. ഇപ്പോഴിതാ അതിജീവിതയെ പിന്തുണച്ചവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് മെഴുകുതിരി തെളിച്ചുള്ള കൂട്ടായ്മ സംഘടിപ്പിക്കുകയാണ് വിമൺ ഇൻ സിനിമ കളക്ടീവ്.
കോഴിക്കോട്- മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചി-അബ്‌ദുൾ കലാം മാർഗ്, മറൈൻ ഡ്രൈവ് തിരുവനന്തപുരം - മാനവീയം വീഥി എന്നിവിടങ്ങളിൽ ഫെബ്രുവരി 17 വൈകുന്നേരം ആറ് മണിക്കാണ് ഇത് സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമൺ ഇൻ സിനിമ കളക്ടീവ് ഇത് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും, അതേ ദിവസമായിരുന്നു അവൾ ധൈര്യത്തോടെ തെറ്റ് ചെയ്തവർക്കെതിരെ സംസാരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.
കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരാക്കി മാറ്റുകയാണ്.
പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, WCC അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവരോടുമോപ്പം നിൽക്കുന്നവരെ, ഈ യാത്രയെ അനുസ്മരിക്കാൻ ക്ഷണിക്കുന്നു. ഇരുട്ടിൻ്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം.
കോഴിക്കോട്- മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്
കൊച്ചി-അബ്‌ദുൾ കലാം മാർഗ്, മറൈൻ ഡ്രൈവ്
തിരുവനന്തപുരം - മാനവീയം വീഥി.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎല്‍എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രം?ഗത്ത് പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.
Content Highlights: WCC hold a candle to commemorate #Avalkoppam movement on february 17th in its ninth year