കൊച്ചിയിൽ ആ ക്രൂരത നടന്നിട്ട് ഒൻപത് വര്‍ഷം; ഇനിയും നീതി പുലർന്നിട്ടില്ല; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC

സിനിമാ സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേരാണ് ക്യാമ്പയിന്റെ ഭാഗമായത്

കൊച്ചിയിൽ ആ ക്രൂരത നടന്നിട്ട് ഒൻപത് വര്‍ഷം; ഇനിയും നീതി പുലർന്നിട്ടില്ല; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC
dot image

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് ഒമ്പത് വർഷം തികയുന്ന പശ്ചാത്തലത്തിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി. അവൾക്കൊപ്പം എന്ന പേരിൽ ഐക്യദാർഢ്യ സദസുകളാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം മാനവീയം വീഥി, കൊച്ചി മറൈൻ ഡ്രൈവിലെ അബ്ദുൾ കലാം മാർഗ്, കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജ് എന്നിവടങ്ങളിലാണ് സദസുകൾ സംഘടിപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട് ഒമ്പത് വർഷം പൂർത്തിയായിട്ടും അതിജീവിതയ്ക്ക് നീതി ലഭ്യമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മെഴുകുതിരി കത്തിച്ചാണ് അതിജീവിതയ്ക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ചത്. സിനിമാ സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേരാണ് ക്യാമ്പയിന്റെ ഭാഗമായത്. ഇരുട്ടിന്റെ മറനീക്കി നമുക്ക് വെളിച്ചത്തിന്റെ തിരിതെളിക്കാമെന്നാണ് ഡബ്ല്യുസിസി കഴിഞ്ഞ ദിവസം സദസ് സംഘടിപ്പിക്കുമെന്ന് അറിയിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

2017ൽ നടന്ന വേദനാജനകമായ സംഭവത്തിന്റെ ഓർമയിലാണ് എല്ലാവരും ഒത്തുചേർന്നതെന്നും യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സദസിൽ പങ്കെടുത്ത ഡബ്ബിംഗ് ആർട്ടിസ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഇപ്പോൾ ജയിലഴിക്കുള്ളിൽ കിടക്കുന്നവർ മാത്രമല്ല, പുറത്തുനിൽക്കുന്ന ഉന്നതരുണ്ട്. അവർ അഴിക്കുള്ളിലാകുന്നത് വരെ നിയമപോരാട്ടം തുടരും. എക്കാലവും അവളോടൊപ്പം തന്നെയാണെന്നും അവർ പറഞ്ഞു.

Also Read:

2017 ഫെബ്രുവരി 17നാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ എട്ടുവർഷങ്ങൾ ശേഷം വന്ന കോടതി വിധിയിൽ ആറ് പ്രതികളെ ശിക്ഷിച്ചിരുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സെഷൻസ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിരവധി സ്ത്രീകൾക്ക് അവർ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നുപറയാനും നിയമപോരാട്ടത്തിലേക്ക് കടക്കാനും നടി ആക്രമിക്കപ്പെട്ട സംഭവം നാഴികക്കല്ലായെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നത്.

Content Highlights: The Women in Cinema Collective (WCC) launched a solidarity campaign in support of the survivor in the dileep actress attack case

dot image
To advertise here,contact us
dot image