എന്താ മോനെ… മാത്യു ഇല്ലാതെ എന്ത് ജയിലർ 2; ഹൃദയപൂർവ്വം സെറ്റിലെത്തി നെൽസൺ

ഇന്നലെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച

dot image

നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇതിൽ തന്നെ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്നത് മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യുവിന്റെ തിരിച്ചുവരവിനായാണ്. ഇപ്പോൾ ആ കാമിയോ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ നെൽസൺ ദിലീപ്കുമാർ എത്തിയിരിക്കുകയാണ്. ഇന്നലെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2 ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന.

ജയിലർ 2 ൽ നന്ദമൂരി ബാലകൃഷ്‌ണയും കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ചിത്രീകരണത്തിനായി ഒരാഴ്ച സമയം ബാലയ്യ നൽകിയിട്ടുണ്ടെന്നും, ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നുമാണ് സോഷ്യൽ മീഡിയാ റിപ്പോർട്ടുകൾ. സിനിമയുടെ ആദ്യ ഭാഗത്തിൽ കാമിയോ റോളിൽ ബാലയ്യയെയും ആലോച്ചിരുന്നതായും എന്നാൽ പിന്നീട് ഇത് നടക്കാതെ പോയതായും സിനിമയുടെ സംവിധായകൻ നെൽസൺ തന്നെ അറിയിച്ചിരുന്നു.

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും

സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

2023ൽ ആയിരുന്നു നെൽസൺ സംവിധാനത്തിൽ ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Nelson Dilipkumar visited Hridayapoorvam movie set

dot image
To advertise here,contact us
dot image