
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തീയേറ്ററില്‍ മുന്നേറുകയാണ്. മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ സിനിമ ഓരോ ദിവസം കഴിയുന്തോറും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. സിനിമയിൽ മോഹൻലാൽ തകർത്താടിയ ബാത്റൂം സീൻ ഏറെ ചർച്ചയായിരുന്നു. ആ രംഗത്തിലെ നടന്റെ അഭിനയമികവിനും ഒരുപാട് കയ്യടികളാണ് ലഭിച്ചത്. ഇപ്പോഴിതാ ആ സീൻ ചിത്രീകരിച്ചതിന് പിന്നിലെ അനുഭവം പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് തരുൺ ഇക്കാര്യം പറഞ്ഞത്.
ബാത്റൂം സീനിൽ ലാലേട്ടൻ വീണത് കണ്ടപ്പോൾ ടെൻഷൻ ആയി കട്ട് വിളിക്കാൻ പോയ തന്നെ തടുത്തത് പ്രകാശ് വർമയും ബിനു പപ്പുവും ആണെന്നും ആ സീൻ തനിക്കായി ലാലേട്ടൻ തന്ന ഗിഫ്റ്റ് ആണെന്നാണ് അവർ പറഞ്ഞതെന്നും തരുൺ മൂർത്തി പറഞ്ഞു. 'ബാത്റൂം സീനിൽ ലാലേട്ടൻ അകത്ത് നിൽക്കുമ്പോൾ ഞാൻ ആണ് ഇപ്പുറത്ത് നിന്ന് ശോഭന മാം പറയേണ്ട ഡയലോഗുകൾ പറയുന്നത്. ഡയലോഗ് കേട്ട് വാ പൊത്തി പെട്ട് സ്ലിപ് ആയി അദ്ദേഹം വീണു. അദ്ദേഹം വീണപ്പോൾ എന്റെ ടെൻഷൻ ലാലേട്ടന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു? 65 വയസ്സുള്ള ഒരു ആക്ടർ ആണ് അപ്പോൾ നമ്മൾ അദ്ദേഹത്തെ ശ്രദ്ധയില്ലാതെ യൂസ് ചെയ്തോ എന്നുള്ള ടെൻഷനിൽ കട്ട് വിളിക്കാൻ ഞാൻ മൈക്ക് എടുത്തു. പക്ഷേ അപ്പോഴും പുള്ളി പെർഫോമൻസ് നിർത്തുന്നില്ല. അപ്പോൾ ഞാൻ കൺഫ്യൂസ്ഡ് ആയി. ഇത് പെർഫോമൻസ് ആണോ അബദ്ധം പറ്റിയതാണോ എന്ന ചിന്തയായി എനിക്ക്. പെട്ടെന്ന് പ്രകാശ് വർമ്മ എന്നെ തടഞ്ഞുകൊണ്ട് 'ഇത് അദ്ദേഹം നിനക്കായി തരുന്ന ഗിഫ്റ്റ് ആണ് എന്ന് പറഞ്ഞു'. ഉടനെ ബിനുവും എന്റെ തോളത്ത് തട്ടിയിട്ട് കിട്ടി മോനെ കിട്ടി.. ഇത് പുള്ളി നിനക്ക് തരുന്നതാടാ എന്ന് പറഞ്ഞു'.
'കട്ട് വിളിച്ചതിന് ശേഷം ഞാൻ ഓടി ലാലേട്ടന്റെ അടുത്തേക്ക് പോയി. ഞാൻ പോയിട്ട് ലാലേട്ടാ ഓക്കേ അല്ലേ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം മോൻ ഓക്കേ അല്ലേ എന്ന് എന്നോട് ചോദിച്ചു. ഡിഒപി ഷാജി ചേട്ടൻ ഒക്കെ നല്ല ഒരു ഷോട്ട് കിട്ടിയതിന്റെ സന്തോഷത്തിൽ കണ്ണ് നിറഞ്ഞ് ഇരിപ്പുണ്ട്. ഞാൻ പുള്ളിയോട് എന്താ സംഭവിച്ചതെന്ന് ചോദിച്ചു. പുള്ളി പറഞ്ഞത് അദ്ദേഹം നോക്കുമ്പോൾ ഷോട്ടിന് മുൻപ് ലാലേട്ടൻ തോള് കൊണ്ട് ഭിത്തിയിലൊക്കെ വെച്ച് നോക്കുന്നത് കണ്ടു. അപ്പോ കൊളാപ്സ് എന്ന് നീ പറഞ്ഞപ്പോ അങ്ങനെ ചെയ്യാനായിരിക്കും പുള്ളിക്ക് തോന്നിയത് എന്നാണ്', തരുൺ മൂർത്തി പറഞ്ഞു.
തുടരും ഇതുവരെ കേരളത്തിൽ നിന്ന് മാത്രം നേടിയത് 71 കോടിയാണ്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജിസിസി മാർക്കറ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തുടരും കളക്ഷനിൽ മുന്നിലാണ്. നോർത്ത് അമേരിക്കയിൽ നിന്നുമാത്രം ചിത്രം ഒരു മില്യൺ ഡോളർ ഇതിനോടകം നേടിക്കഴിഞ്ഞു. ചിത്രം കേരളത്തിൽ നിന്ന് മാത്രം വൈകാതെ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ നിലവിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ 2018 നെ മറികടന്ന് ചിത്രം ഒന്നാമതെത്തും.
Content Highlights: Tharun Moorthy talks about Thudarum Bathroom scene