
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണം സംബന്ധിച്ച് നടൻ മോഹൻലാൽ നടത്തിയ പ്രതികരണത്തിന് നേരെ സംഘപരിവാര്‍ അനുകൂല പ്രൊഫെെലുകളില്‍ നിന്ന് സൈബർ ആക്രമണം. എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധപ്പെടുത്തിയാണ് സൈബർ ആക്രമണം നടക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോഹന്‍ലാലിനെ വിമർശിച്ച് കമന്റുകളിടുന്നത്.
'മോഹൻലാൽ എന്ന നടൻ (വെറും നടൻ ) എമ്പുരാൻ എന്ന ചരിത്രം വളച്ചൊടിച്ച ജിഹാദി സിനിമയിൽ അഭിനയിച്ച അന്ന് തീർന്നു, നിങ്ങളോടുള്ള ആരാധന. ഇനി മസൂദ് അസ്ഹർ മനുഷ്യ സ്നേഹി എന്ന സിനിമയേ പറ്റി ആലോചിക്കുക', 'നാണം ഇല്ലേ… ജിഹാദികളെ വെള്ള പൂശി സിനിമ എടുത്തിട്ട് ഇപ്പോൾ പോസ്റ്റും കൊണ്ട് വന്നേക്കുന്നു', 'അബ്രാം ഖുറേഷി വേണ്ട, സോഫിയ ഖുറേഷി മതി' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർക്കെതിരെയും കമന്റുകൾ വരുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ചും സേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുമായിരുന്നു മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. 'പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിക്കൂ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഞങ്ങൾ ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയിലെ ഓരോ ധീരഹൃദയർക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളുടെ അഭിമാനത്തിന് ഊർജം പകരുന്നത്. ജയ് ഹിന്ദ്!', എന്നായിരുന്നു മോഹൻലാൽ കുറിച്ചത്.
നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ചുള്ള മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെയും
സമാനമായ സൈബർ ആക്രണം നടന്നിരുന്നു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് ആധാരമായത്.
നേരത്തെ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നത് മുതലാണ് മോഹന്‍ലാലിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും സെെബര്‍ ആക്രമണം രൂക്ഷമായി ആരംഭിച്ചത്. പിന്നീട് അത് വിവിധ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കുകയായിരുന്നു.
Content Highlights: Cyber attack against Mohanlal on Operation Sindhoor post