
'ഗഗനചാരി'ക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'വല' എന്ന ചിത്രത്തിന്റെ സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടു. ഫൺടാസ്റ്റിക്ക് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. സയൻസ് ഫിക്ഷനും കോമഡിയും ചേർത്ത് ഒരു ഗംഭീര ചിത്രമാകും ഇത് എന്ന് ഉറപ്പ് നൽകുന്നുണ്ട് ഈ വീഡിയോ.
വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന അതുല്യ നടൻ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാണ് നടൻ സിനിമയിലെത്തുന്നത്. ജഗതിക്കൊപ്പം ഗോകുൽ സുരേഷ്, ബേസിൽ ജോസഫ്, അനാർക്കലി, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ, വിനീത് ശ്രീനിവാസൻ, മാധവ് സുരേഷ് തുടങ്ങിയവരുടെയും രസകരമായ പ്രകടനങ്ങൾ വീഡിയോയിൽ കാണാം.
നേരത്തെ വലയിലെ ജഗതി ശ്രീകുമാറിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടപ്പോൾ, അതും ഏറെ ശ്രദ്ധ നേടിയിരുന്നു. ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് പോസ്റ്ററിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് 'വല' എന്ന പുതിയ ചിത്രമെത്തുന്നത്.
അണ്ടര്‍ഡോഗ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ലെറ്റേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ടെയ്ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്‌സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
Content Highlights: Vala movie new video out