
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഇന്ത്യക്കാര്‍ സിന്ദൂരത്തെ കാണുന്നതെന്ന് മോഹൻലാൽ പറഞ്ഞു. വെല്ലുവിളിച്ചാൽ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഇന്ത്യക്കാര്‍ ഉയരുമെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യൻ സൈനികരുടെ ധീരതയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
'പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിക്കൂ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഞങ്ങൾ ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയിലെ ഓരോ ധീരഹൃദയർക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളുടെ അഭിമാനത്തിന് ഊർജം പകരുന്നത്. ജയ് ഹിന്ദ്!', മോഹൻലാൽ കുറിച്ചു.
We wore Sindoor not just as a tradition, but as a symbol of our unwavering resolve.
— Mohanlal (@Mohanlal) May 7, 2025
Challenge us and we will rise, fearless and stronger than ever.
Saluting every brave heart of the Indian Army, Navy, Air Force, and BSF.
Your courage fuels our pride.
Jai Hind! 🇮🇳…
ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlights: Mohanlal post About Operation Sindoor