
വിങ്ക് സെൻസേഷന് ശേഷം ആളുകൾക്ക് തന്നോട് ഒരു വിദ്വേഷം രൂപപ്പെട്ടിരുന്നുവെന്ന് നടി പ്രിയ വാര്യർ. താൻ അപ്രോച്ചബിൾ അല്ല, അല്ലെങ്കിൽ ജാഡയാണ് ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എവിടെനിന്നോ ഉണ്ടായി വന്നു. അത് തന്റെ കരിയറിനെയും ആളുകൾക്ക് തന്നോടുള്ള മനോഭാവത്തെയും ബാധിച്ചെന്ന് പ്രിയ വാര്യർ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയ വാര്യർ ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്.
'ഞാൻ അപ്രോച്ചബിൾ അല്ല, അല്ലെങ്കിൽ ജാഡയാണ്, ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എന്നെക്കുറിച്ച് എവിടെയോ ക്രിയേറ്റ് ആയി. ആ വിങ്ക് സെൻസേഷന്റെ ഭാഗമായി ഉണ്ടായ ഒരു വിദ്വേഷം ആയിരിക്കാം അതിന് കാരണം. വർഷങ്ങളോളം കഷ്ടപ്പെട്ടിട്ട് ആളുകൾക്ക് നേടിയെടുക്കാൻ സാധിക്കാത്തത് ഒറ്റ രാത്രികൊണ്ട് ഇവൾ നേടിയെടുത്തു. അതിന് വേണ്ടി എന്താണ് അവൾ ചെയ്തത് അവൾ അത് അർഹിക്കുന്നുണ്ടോ? എന്നൊക്കെയുള്ളത് കൊണ്ട് തന്നെ പൊതുവേ ഒരു വിദ്വേഷം എനിക്കെതിരെ ഉണ്ടായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പക്ഷേ അത് പിന്നീട് വെറുപ്പിലേക്ക് മാറി. നമ്മൾ എന്ത് ചെയ്താലും പ്രശ്നം അങ്ങനെ വന്നപ്പോൾ അത് കരിയറിനെയും ബാധിക്കാൻ തുടങ്ങി. അത് പതിയെ ആളുകൾക്ക് എന്നോടുള്ള മനോഭാവത്തെയും ഇൻഡസ്ട്രിക്ക് എന്നോടുള്ള മനോഭാവത്തെയും ഒക്കെ ബാധിച്ചിരിക്കാം', പ്രിയ വാര്യർ പറഞ്ഞു.
ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യർ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ പ്രിയയുടെ വിങ്ക് സീൻ വൈറലായിരുന്നു. ആദിക് രവിചന്ദർ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ പ്രിയയുടെ സിനിമ. ചിത്രത്തിലെ പ്രിയയുടെ ഡാൻസ് രംഗങ്ങൾ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: Priya Varrier talks about hate after wink sensation