
പ്രഭാസിന്റെ നായകനാക്കി ഓം റൗത്ത് സംവിധാനം ചെയ്ത ഫാന്റസി ചിത്രമായിരുന്നു ആദിപുരുഷ്. മോശം വിഎഫ്എക്സിന്റെയും മേക്കിങ്ങിന്റെയും പേരിൽ നിരവധി പഴി കേട്ട ചിത്രം ബോക്സ് ഓഫീസിലും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിന്റെ പേരിൽ സംവിധായകൻ ഓം റൗത്തും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ഒരു വേദിയിൽ സംവിധായകൻ ചിത്രത്തിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പ്രഭാസിന്റെ ആദിപുരുഷ് തെലുങ്കിൽ 120 കോടിക്കാണ് റൈറ്റ്സ് വിറ്റതെന്നും അതിനർത്ഥം നിരവധി പ്രേക്ഷകർ സിനിമ കണ്ടെന്നുമാണ് ഓം റൗത്ത് പറഞ്ഞത്. 'കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്നതാണ് ഒരു ആർട്ടിസ്ൻ്റെ ലക്ഷ്യം. നമ്മുടെ പ്രാദേശിക കഥകൾ ശക്തമായും സത്യസന്ധമായും ഹൃദയം കൊണ്ടും പറഞ്ഞാൽ അത് ലോകമെമ്പാടും പ്രതിധ്വനിക്കും', എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് പിന്നാലെ ഓം റൗത്തിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഓം ആദിപുരുഷിൻ്റെ പരാജയം അംഗീകരിക്കാത്തത് എന്നും ചിത്രം പ്രേക്ഷകർ തിരസ്ക്കരിച്ചത് എന്തുകൊണ്ടെന്ന് അദ്ദേഹം ഇതുവരെ മനസിലാക്കിയില്ലേ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. 500 കോടിയിൽ ഒരുങ്ങിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും നേടാനായത് വെറും 375 കോടി മാത്രമാണ്.
കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവർ ആയിരുന്നു ആദിപുരുഷിലെ മറ്റു അഭിനേതാക്കൾ. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
Content Highlights: Om Raut gets trolled for comments on Aadipurush