
May 24, 2025
09:31 PM
മാർവെൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിരുന്ന ചിത്രമായ തണ്ടർബോൾട്ട്സ് കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. ജേക് ഷ്രെയ്റെർ സംവിധാനം ചെയ്ത ചിത്രം മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന ചിത്രമാണ്. മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന സിനിമയുടെ ഇന്ത്യയിലെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഗംഭീര റിവ്യൂസ് ആണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും ഇന്ത്യയിൽ കളക്ഷനിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 3.85 കോടി നേടിയ സിനിമ രണ്ടാം ദിനം സ്വന്തമാക്കിയത് 2 കോടിയാണ്. ഇതോടെ രണ്ട് ദിവസത്തെ സിനിമയുടെ ഇന്ത്യൻ കളക്ഷൻ 5.85 കോടിയായി. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്നും 11 മില്യൺ ഡോളർ ആണ് സിനിമ ആദ്യ ദിനം നേടിയത്. ഏറെ നാളുകൾക്ക് ശേഷം മാർവെൽ സ്റ്റുഡിയോസിന്റെ തിരിച്ചുവരാണ് തണ്ടർബോൾട്ട്സിലൂടെ സാധ്യമായിരിക്കുന്നതെന്നാണ് സിനിമയുടെ റിവ്യൂസ് സൂചിപ്പിക്കുന്നത്.
മാർവെലിൽ നിന്ന് മുൻപ് പുറത്തുവന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് തണ്ടർബോൾട്ട്സ് എന്നും ചിത്രത്തിന്റെ കഥയും കഥാപാത്ര നിർമിതിയും മികച്ച് നിൽക്കുന്നെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിൽ പ്രധാന റോളിലെത്തുന്ന ഫ്ലോറെൻസ് പ്യൂ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും കമന്റുകളുണ്ട്. സിനിമയിലെ പോസ്റ്റ് ക്രെഡിറ്റ് സീനുകൾ മിസ് ആക്കരുതെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഒരു കൂട്ടം ആന്റിഹീറോകൾ അമേരിക്കൻ ഗവൺമെൻ്റിന് വേണ്ടി ഒരു മിഷനായി പോകുന്നതും ഒടുവിൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഡേവിഡ് ഹാർബൗർ, ഹാന്ന ജോൺ കാമെൻ, ഫ്ലോറെൻസ് പഗ്, ജൂലിയ ലൂയിസ്, സെബാസ്റ്റ്യൻ സ്റ്റാൻ, വ്യാട്ട് റസൽ, ലൂവിസ് പുൾമാൻ, ഓൾഗ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 'ബ്ലാക്ക് വിഡോ', 'ആൻറ് മാൻ ആൻഡ് ദി വാസ്പ്പ്', 'ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജ്യർ' എന്നീ സിനിമകളെയും ചില സീരിസുകളെയും പിൻപറ്റി പുറത്തിറങ്ങുന്ന സിനിമയാകും 'തണ്ടർബോൾട്ട്സ്'. ലൂയിസ് ഡി എസ്പോസിറ്റോ, ബ്രയാൻ ചാപെക്, ജേസൺ ടാമെസ്, കൂടാതെ മുൻ എംസിയു താരം സ്കാർലറ്റ് ജോഹാൻസൺ എന്നിവർ ചേർന്നാണ് 'തണ്ടർബോൾട്ട്സ്' നിർമിക്കുന്നത്. എറിക് പിയേഴ്സൺ, ലീ സങ് ജിൻ, ജോവാന കാലോ എന്നിവരുൾപ്പെടെയുള്ള ടീമാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Thunderbolts struggles at indian boxoffice