
Jun 1, 2025
09:48 AM
തെന്നിന്ത്യൻ നായകൻ നാനി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. മാസ് മസാല ചിത്രങ്ങൾ കളം വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ് നാനി. ജേഴ്‌സി, ശ്യാം സിംഹ റോയ്, ദസറ, ഹായ് നാന തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കേരളത്തിലെ തന്റെ ആരാധകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നാനി.
'കേരളത്തിൽ പ്രമോഷനായി വരുമ്പോൾ എന്നെ സ്ഥിരമായി കാണാൻ വരുന്ന ഒരുകൂട്ടം ചെറുപ്പക്കാരും പെൺകുട്ടികളും ഉണ്ട്. കഴിഞ്ഞ തവണ 'സരിപോദാ ശനിവാരം' എന്ന സിനിമയുടെ പ്രമോഷനായി കേരളത്തിൽ വന്നപ്പോൾ അവർ എനിക്കൊരു ഷർട്ട് സമ്മാനിച്ചു. അത് ഞാൻ സിനിമയുടെ ഇവന്റിൽ ധരിച്ചിരുന്നു. എല്ലാതവണയും സിനിമയുടെ പ്രമോഷനായി കേരളത്തിൽ വരുമ്പോൾ അവർ ഉണ്ടോയെന്ന് ഞാൻ നോക്കാറുണ്ട്. ഇപ്പോൾ അവർ ഹിറ്റ് 3 യ്ക്കായി ഫാൻസ് ഷോസ് സംഘടിപ്പിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്', നാനി പറഞ്ഞു.
അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Nani talks about his fans in kerala