
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ ചിത്രത്തിൽ 20 ഓളം ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് ആക്ഷൻ ഡയറക്ടർ കേച്ച കംഫക്ദീ.
'റെട്രോ ഒരു വലിയ ആക്ഷൻ ചിത്രമാണ്. ഞാൻ പല സിനിമകളിലും വർക്ക് ചെയ്തിട്ടുണ്ട്. അതിലൊക്കെ നാലോ അഞ്ചോ ആക്ഷൻ സീനുകളാണ് ഉണ്ടാവുക. എന്നാൽ ഈ സിനിമയിൽ 20 ആക്ഷൻ സീനുകളുണ്ട്, അതും പല സ്റ്റൈലുകളിൽ. ഈ സിനിമയിൽ സൂര്യ സ്റ്റണ്ട് ഡബിളുകളെ ഉപയോഗിച്ചിട്ടില്ല,' എന്ന് കേച്ച കംഫക്ദീ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Stunt Master Kecha Khamphakdee Says Retro Will Feature 20 Action Scenes